ചെന്നൈ എഗ്മോറില്‍ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധയായ മലയാളി ഡോക്ടറെ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ പൊലീസ് ആദ്യം പറഞ്ഞത് മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമല്ല എന്നാണ്. പിന്നീട് ഡോക്ടറുടെ അലമാരിയില്‍നിന്ന് ചില വസ്തുരേഖകള്‍ കാണാതായിട്ടുണ്ടെന്നും അത് കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പറഞ്ഞു. ചെന്നൈ എഗ്മോര്‍ റെയില്‍വേസ്റ്റേഷന് അടുത്തുള്ള നല്ല സ്ഥലത്തെ വീടും സ്ഥലവും മോഹിച്ച് നിരവിധി പേര്‍ ഡോക്ടറെ സമീപിച്ചിരുന്നുവെങ്കിലം വില്‍ക്കാന്‍ ഡോക്ടര്‍ തയ്യാറായിരുന്നില്ല. റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നതിനെ പറ്റി അഭ്യാഹങ്ങള്‍ ഉയരുന്നതിനിടെയാണ് മൂന്ന് പ്രതികള്‍ അറസ്റ്റിലാകുന്നത്. മൂന്ന് മാസം മുമ്പ് ഡോക്ടറുടെ വീട്ടില്‍ ഇന്റലോക്കില്‍ ടൈല്‍സ് പാകുന്നതിനായി വന്ന തൊഴിലാളികളാണ് അറസ്റ്റിലായിരിക്കുന്നത്. 21 വയസ്സുള്ള രാജ, 20കാരന്‍ ഹരി, പിന്നെ 17 വയസ്സുപ്രായമുള്ള മറ്റൊരാളുമാണ് പിടിയിലായിരിക്കുന്നത്. ഇതില്‍ രാജു നേരത്തെ ബൈക്ക് മോഷണ കേസിലും പ്രതിയായിട്ടുണ്ട്. ഡോക്ടറുടെ വീട്ടിലെ പണികള്‍ നടക്കുമ്പോള്‍ പ്രായമേറിയ അമ്മയും ഡോക്ടറും മാത്രമേ വീട്ടിലുള്ളുവെന്ന് തിരിച്ചറിഞ്ഞ സംഘം പിന്നീട് മോഷണത്തിന് വീട്ടില്‍ എത്തുകയായിരുന്നു. എന്നാല്‍ ഇവരെ കണ്ട ഡോക്ടര്‍ തടയാന്‍ ശ്രമിക്കുകയും തുടര്‍ന്ന് നടന്ന പിടിവലിക്കിടെ ഡോക്ടറെ കഴുത്തുഞെരിച്ചുകൊല്ലുകയും ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഡോക്ടറുടെ കമ്മലും മാലയും ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണാഭരണങ്ങളും മൊബൈലും പ്രതികള്‍ മോഷ്ടിച്ചു. ആദ്യം മൊഴിയെടുത്തപ്പോള്‍ എന്തൊക്കെയാണ് നഷ്ടമായതെന്ന് പ്രായമായ അമ്മക്ക് വ്യക്തമായി പറയാന്‍ കഴിയാതിരുന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. ഡോക്ടറുടെ വീട്ടില്‍ നിന്ന് വസ്തുവകകളുടെ രേഖകളൊന്നും നഷ്ടാമായിട്ടില്ലന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു. തിരുവള്ളൂര്‍ ജില്ലയിലുള്ള പ്രതികളുടെ വീട്ടില്‍നിന്നാണ് മൂവരെയും പിടികൂടിയത്.