ഇടുക്കി: തമിഴ്നാട്ടിൽ നിന്നും ഇടുക്കിയിലെ കുമളി ചെക്കുപോസ്റ്റു വഴി വീണ്ടും കഞ്ചാവു കടത്ത് വ്യാപകം. ഇത്തരത്തിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന മൂന്നു യുവാക്കളിൽ നിന്നും മൂന്നര കിലോയോളം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. 24 മണിക്കൂറിനുള്ളിലാണ് മൂന്നു കേസ്സുകൾ പിടികൂടിയത്.

എറണാകുളം പള്ളുരുത്തി തുണ്ടിപ്പറമ്പിൽ സുബാഷ് എന്ന് വിളിക്കുന്ന ഷാജഹാനെ കുമളി എക്സൈസ് ഇൻസ്പെക്ടർ ടി.ആർ സെൽവരാജും സംഘവും ചെക്കുപോസ്റ്റിലെ പതിവു പരിശോധനക്കിടെയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രയിലാണ് രണ്ട് കിലോ കഞ്ചാവുമായി ഷാജഹാനെ അറസ്റ്റു ചെയ്തത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഷോൾഡർ ബാഗിൽ സൂക്ഷിച്ചാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്.

തമിഴ്നാട്ടിലെ കമ്പത്തു നിന്നും ഇരുപതിനായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ മൊഴി നൽകി. കഞ്ചാവ് കടത്ത് വർദ്ധിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ പരിശോധനക്കായി കുമളി ചെക്കു പോസ്റ്റിൽ നിയോഗിച്ചിരുന്നു.

ഇവർ നടത്തിയ പരിശോധനയിലാണ് എറണാകുളം നായരമ്പലം ചീനിക്കുഴി വീട്ടിൽ ജോസ്, കോട്ടയം നീണ്ടൂർ ചാമക്കാലായിൽ മണിക്കുട്ടൻ എന്നിവരെ അറസ്റ്റ് ചെയ്തത്. ജോസിന്റെ പക്കൽ നിന്നും ഒരു കിലോയും മണിക്കുട്ടനിൽ നിന്നും ചെറു പൊതകളായി സൂക്ഷിച്ചിരുന്ന നൂറു ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. സ്കൂൾ - കോളേജ് വിദ്യാർഥികളേയും യുവാക്കളേയും ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പിടിയിലായവർ മൊഴി നൽകി. പരിശോധനകൾ കർശനമാക്കിയിട്ടും കേരളത്തിലേക്കുള്ള കഞ്ചാവു കടത്ത് കുറയുന്നില്ലെന്നുള്ളതിൻരെ സൂചനയാണ് ഈ കേസ്സുകൾ. കഞ്ചാവ് കണ്ടെത്താതിരിക്കാൻ പുതിയ മാർ‍ഗങ്ങളും കടത്തുകാർ അവലംബിച്ചു തുടങ്ങിയിട്ടുണ്ട്.