ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. തകഴി കുന്നുമ്മേല്‍ സ്വദേശികളായ മുഹമ്മദ് സബിത്, അനസ്, സുജീര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്ന് വന്ന ബൈക്കും ആലപ്പുഴയില്‍നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. മൂന്നു പേരും അപകട സ്ഥലത്തുവെച്ച് തന്നെ തല്‍ക്ഷണം മരിച്ചു. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ആദ്യം ഹരിപ്പാട്ടെ ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ആലപ്പുഴ-കൊല്ലം ദേശീയപാതയില്‍ കരുവാറ്റയിലെ വളവിലാണ് അപകടമുണ്ടായത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് സൂചന. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പൊലീസ് കേസെടുത്തിട്ടുണ്ട്.