ഗൊരഖ്‌പൂര്‍: ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 48 മണിക്കൂറിനിടെ 30 കുഞ്ഞുങ്ങള്‍ മരിച്ചതായി സ്ഥിരീകരിച്ച് ആശുപത്രി അധികൃതര്‍. മൂന്ന് ദിവസത്തിനിടെ 58 കുഞ്ഞുങ്ങള്‍ മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ മരിച്ച 30 കുഞ്ഞുങ്ങളില്‍ 15 പേര്‍ ഒരു മാസത്തില് താഴെ പ്രായമുള്ളവരാണെന്നും മസ്തിഷ്ക വീക്കമാണ് മരണകാരണമെന്നുമാണ് ആശുപത്രി ആധികൃതരുടെ വിശദീകരണം.

ബാക്കി കുഞ്ഞുങ്ങള്‍ മരിച്ചത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് പറയുന്ന അധികൃതര്‍ കാരണം എന്താണെന്ന് വ്യക്തമാക്കുന്നില്ല. ഓക്സിജന്‍ ലഭിക്കാതെയാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആശുപത്രി തലവന്‍ ഡികെ ശ്രീവാസ്തവ പറഞ്ഞു.

നവംബര്‍ ഒന്നു മുതല്‍ നാല് വരെ 58 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ മരിച്ചതായും ഇതില്‍ 32 പേര്‍ ഒരു മാസത്തില്‍ താഴെ പ്രായമുള്ളവരാണെന്നും ശ്രീവാസ്തവ പറഞ്ഞു. ആശുപത്രി രേഖകള്‍ അനുസരിച്ച് ഈ വര്‍ഷം ഇതുവരെ 1,317 കുഞ്ഞുങ്ങളാണ് ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ മരിച്ചത്.

അതിനിടെ കുഞ്ഞുങ്ങള്‍ മരിക്കുന്ന സംഭവം ആവര്‍ത്തിക്കുമ്പോഴും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനാവുന്നില്ലെന്ന് കുറ്റപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിഥ്യനാഥും കേന്ദ്ര മന്ത്രി ജെ.പി നദ്ദയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കുഞ്ഞുങ്ങള്‍ മരിക്കുന്നത് തുടരുകയാണ്.