കൊച്ചി: എറണാകുളം മരടില്‍ മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 30 ഓളം പേര്‍ സിപിഐയില്‍. നേതാക്കള്‍ക്കിടയിലെ വിഭാഗീയതയാണ് പാര്‍ട്ടി മാറ്റത്തിലേക്ക് നയിച്ചത്. സമ്മേളന കാലത്തും സിപിഎം- സിപിഐ പോര് തുടരുന്ന കാഴ്ചക്കാണ് ജില്ല സാക്ഷ്യം വഹിക്കുന്നത്. പുതിയ അംഗങ്ങള്‍ക്ക് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു നേരിട്ടെത്തി സ്വീകരണമൊരുക്കി.
മരട് മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവിലെ കുണ്ടന്നൂര്‍ സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പി.ബി.വേണുഗോപാല്‍,നെട്ടൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി എ.എസ്.വിനീഷ് അടക്കം മുപ്പതോളം പേര്‍ സിപിഐയില്‍ ചേര്‍ന്നു. 2005 കാലഘട്ടത്തിലെ പഞ്ചായത്ത് പ്രസിഡന്‍റും അംഗങ്ങളും തമ്മില്‍ നിലനിന്ന തര്‍ക്കങ്ങളും തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്ന് പാര്‍ട്ടിവിട്ടവര്‍ പറയുന്നു.
അതേ സമയം സിപിഐയില്‍ ചേര്‍ന്നവരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം പ്രദേശിക നേതൃത്വം അറിയിച്ചു. സിപിഎം വിമതര്‍ക്ക് അംഗത്വം നല്‍കിയതിന്റെ പേരില്‍ എറണാകുളം ജില്ലയില്‍ ഇരുപാര്‍ട്ടികളും കുറച്ചുനാളുകളായി അകല്‍ച്ചയിലാണ്.
