കല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ലൈംഗിക പീഡനത്തിനിരയായത് പ്രായപൂര്‍ത്തിയാകാത്ത 30 ആദിവാസി പെണ്‍കുട്ടികള്‍. പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവരാണ് പീഡനത്തിനിരയായ മിക്കവരുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കൊഴിഞ്ഞ് പോക്ക് തടയാനായി ആവിഷ്‌ക്കരിച്ച ഹോസ്റ്റലുകളും റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും, തുടര്‍ന്ന് പഠിക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളെപ്പോലും ഏറ്റെടുക്കാനാകാതെ നിസ്സഹായാവസ്ഥയിലുമാണ്.

വയനാട്ടില്‍ ആദിവാസി പീഡനക്കേസുകള്‍ അന്വേഷിക്കുന്ന ഡിവൈഎസ്‌പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൂട്ട ബലാത്സംഗത്തിനടക്കം ഇരയായത്. 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവിധ കേസുകളില്‍ 22 പ്രതികള്‍ അറസ്റ്റിലായി. മൊത്തം 5 വര്‍ഷത്തിനിടെ 30 ബാലലൈംഗിക പീഡന കേസുകള്‍. ആദിവാസികള്‍ മാത്രമുള്‍പ്പെട്ട ബലാത്സംഗക്കേസുകളാണിതെന്നതും ശ്രദ്ധേയമാണ്. പാതിവഴിയില്‍ പഠിത്തമുപേക്ഷിക്കപ്പെടുന്നത് മൂലം അരക്ഷിത സാഹചര്യങ്ങളില്‍ പെടുന്നവരാണ് ഇരകള്‍.

ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കുന്ന കൊഴിഞ്ഞുപോക്ക് തടയാനായി ആവിഷ്‌കരിച്ച ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുമായി 32 സ്ഥാപനങ്ങള്‍ വയനാട്ടില്‍ മാത്രമുണ്ട്. പക്ഷെ ആദിവാസികളിലെ പെണ്‍കുട്ടികളടക്കം വലിയ വിഭാഗം പഠിത്തം നിര്‍ത്തി വിവിധ കോളനികളിലായി ഇപ്പോഴും പടിക്ക് പുറത്താണ്.

ഹോസ്റ്റലില്‍ നിന്നു പഠിക്കാന്‍ താല്‍പ്പര്യമുള്ളവരെപ്പോലും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നതാണ് സ്ഥിതി. കുട്ടികളുടെ ബാഹുല്യം കാരണം കൂടുതല്‍ പേരെ ഏറ്റെടുക്കാനാകാതെ ട്രൈബല്‍ ഹോസ്റ്റലുകളും എം.ആര്‍.എസുകളും; കൂടുതല്‍ സ്ഥാപനങ്ങള്‍ അടിയന്തിരമായി വേണമെന്ന് ആവശ്യം.