61 കുടുംബങ്ങളിൽനിന്നായി 300ഒാളം പേർ ത്രിപുര വിട്ടതായി റിപ്പോർട്ട്. സംഘർഷത്തിൽ പ്രതിഷേധക്കാർ വീടുകൾക്ക് തീയിട്ടതായി പൊലീസ് പറഞ്ഞു. വെസ്റ്റ് ത്രിപുരയിലെ റാണിർബസാറിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. 

അ​ഗർതല: ആദിവാസി യുവതിയെ ഉപദ്രവിച്ചെന്ന് ആരോപിച്ച് ത്രിപുരയിൽ വ്യാപക അക്രമണം. 61 കുടുംബങ്ങളിൽനിന്നായി 300ഒാളം പേർ ത്രിപുര വിട്ടതായി റിപ്പോർട്ട്. സംഘർഷത്തിൽ പ്രതിഷേധക്കാർ വീടുകൾക്ക് തീയിട്ടതായി പൊലീസ് പറഞ്ഞു. വെസ്റ്റ് ത്രിപുരയിലെ റാണിർബസാറിൽ വെള്ളിയാഴ്ച്ചയാണ് സംഭവം.

ദുർ​ഗദേവിയുടെ വി​ഗ്രഹങ്ങൾ പ്രദർശിപ്പിച്ചത് കാണാൻ റാണിർബസാറിൽ എത്തിയതായിരുന്നു പെൺകുട്ടിയും സുഹൃത്തും. വി​ഗ്രഹങ്ങൾ കാണുന്നതിനിടെ ഒരു സംഘം ആളുകൾ ചേർന്ന് പെൺകുട്ടിയെ ഉപദ്രവിക്കുകയും ഫോൺ തട്ടിപ്പറിക്കുകയുമായിരുന്നു. ‍വീട്ടിലെത്തിയ ഇരുവരും വിവരം ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു. തുടർന്ന് ഒരു സംഘം ആളുകൾ ഇരുവർക്കുമൊപ്പം റാണിർബസാറിൽ എത്തുകയും പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ മർദ്ദിക്കുകയും അവരുടെ വീടുകൾ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തതായി സബ് ഡിവിഷണൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ബിബി ദാസ് പറഞ്ഞു. 

അതേസമയം,സംഘർഷാവസ്ഥ തുടരുകയാണ്. പ്രതിഷേധകാർ വീടുകൾ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതുടർന്നാണ് 61 കുടുംബങ്ങളിലെ 300ഒാളം അംഗങ്ങൾ പലായനം ചെയ്തത്. ഇതിൽ നൂറുകണക്കിനാളുകൾ ഇപ്പോൾ റാണിർബസാർ പൊലീസ് സ്റ്റേഷൻ പരിസരത്ത് ക്യാമ്പ് ചെയ്യുകയാണ്. ജില്ലാ ഭരണകൂടമാണ് ഇവർക്ക് ആവശ്യമുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്. സ്ഥലത്ത് കൂടുതൽ പൊലീസിലെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നും ദാസ് കൂട്ടിച്ചേർത്തു.

സംഭവത്തിൽ പ്രതിപക്ഷ നേതാവ് മണിക് സർകാർ ചീഫ് സെക്രട്ടറി എൽ കെ ഗുപ്തയുമായി കൂടിക്കാഴ്ച്ച നടത്തി. ജനങ്ങളുടെ സുരക്ഷ, അവർക്ക് ആവശ്യമായ ഭക്ഷണം, പാർപ്പിടം എന്നിവ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തതായി പാർട്ടി വക്താവ് പബിത്ര കർ പറഞ്ഞു.

കഴിഞ്ഞ ആഴ്ച്ച ഗുജറാത്തില്‍ സമാനമായ സംഭവം നടന്നിരുന്നു. ഗുജറാത്തിലെ സബർകന്ത ജില്ലയിൽ കഴിഞ്ഞാഴ്ച 14 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ ബീഹാർ സ്വദേശി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് നേരെ വ്യാപക ആക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. അക്രമണം ഭയന്ന് അമ്പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാര്‍ ഗുജറാത്ത് വിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.