തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 3178 പേര്‍ അറസ്റ്റിലായി. ആകെ 1286 കേസുകളിലായി 37979 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ 487 പേരെ റിമാൻഡ് ചെയ്തു. അറസ്റ്റിലായവരില്‍  2691 പേര്‍ക്ക് ജാമ്യം ലഭിച്ചു. 

എറണാകുളത്താണ്  ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റിലായത്.  486 പേരാണ് അറസ്റ്റിലായത്. പാലക്കാട് 410 പേരും ആലപ്പുഴയില്‍ 328 പേരും കണ്ണൂരില്‍ 304 പേരും അറസ്റ്റിലായി.

അതേസമയം സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അതീവജാഗ്രതാ നിർദ്ദേശം നൽകി. തലശേരി, അടൂർ‍ എന്നിവിടങ്ങളിൽ  കൂടുതല്‍ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നും കൂടുതൽ പൊലീസിനെയും ബോംബ് സ്ക്വാഡിനെ ജില്ലയിൽ എത്തിച്ച് പരിശോധനകള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊലീസ് പരിശോധനകള്‍ക്കിടയിലും അക്രമം തുടരുകയാണ്.  

കണ്ണൂർ ചെറുതാഴത്ത്  ആ‍ർഎസ്എസ് കാര്യാലയത്തിന് അക്രമികള്‍ തീയിട്ടു. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം.  മലപ്പുറം ചേളാരിയിൽ ബിജെപി പ്രവർത്തകന്‍റെ ബാർബർ ഷോപ്പ് അടിച്ചു തകർത്തു. പുരുഷോത്തമന്‍റെ കടയാണ് അടിച്ചു തകർത്തത്.  പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ രാത്രിയിൽ 19 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്‌.