കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്. മിനായില്‍ ആദ്യദിവസം തന്നെ ഈ മാറ്റം കാണാനാകുന്നുമുണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ മിനായിലെ ക്യാമ്പ് നൂറുക്കണക്കിനു തീര്‍ഥാടകര്‍ക്ക് ആശ്വാസമായി.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്ന തീര്‍ഥാടകരുടെ എണ്ണം ഏതാണ്ട് 32 ശതമാനം കൂടുതലാണ് എന്നാണു കണക്ക്. ഹജ്ജ് ക്വാട്ട ഇത്തവണ വര്‍ധിച്ചതാണ് ഇതിനു കാരണം. ഹജ്ജിന്റെ ആദ്യ ദിവസം തന്നെ മിനായില്‍ ഈ മാറ്റം കാണാനാകും. മിനയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളും ഇത്തവണ ആദ്യ ദിവസം തന്നെ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ എല്ലാ സജ്ജീകരണങ്ങളുമായി മിനായിലുണ്ട്. വഴി തെറ്റിയവര്‍ സഹായം തേടിയും, രോഗികള്‍ ചികിത്സ തേടിയും, സേവനങ്ങളുമായി ബന്ധപ്പെട്ട പരാതി പറയാനുമൊക്കെയായി നൂറുക്കണക്കിനു തീര്‍ഥാടകരാണ് മിനായിലെ ഹജ്ജ് മിഷന്‍ ക്യാമ്പില്‍ എത്തുന്നത്. അറുനൂറോളം പേരാണ് ഇന്ത്യയില്‍ നിന്നും സേവനത്തിനായി ഡെപ്യൂട്ടേഷനില്‍ എത്തിയിരിക്കുന്നത്. ശക്തമായ ചൂടായതിനാല്‍ തമ്പുകളിലെ ശീതീകരണ സംവിധാനത്തെ കുറിച്ച പല പരാതികളും ഉയര്‍ന്നു. എന്നാല്‍ ഗുരുതരമായ പരാതികളൊന്നും ഇതുവരെ തീര്‍ഥാടകരില്‍ നിന്ന് ഉണ്ടായിട്ടില്ല.

ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് മൂന്നു നേരത്തെ ഭക്ഷണം മിനായില്‍ നല്‍കുന്നുണ്ട്. എന്നാല്‍ കൂപ്പണ്‍ ലഭിച്ചിട്ടും ഭക്ഷണം ലഭിക്കാതെ ചിലരെങ്കിലും പ്രയാസപ്പെട്ടു. തമ്പുകളിലെക്കുള്ള വഴി അറിയാതെ പ്രയാസപ്പെടുന്ന പല ഹാജിമാരെയും ആദ്യ ദിവസം മിനായില്‍ കാണാമായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ നിരവധി വളണ്ടിയര്‍മാര്‍ ഇവരെ സഹായിക്കാനായി ഇന്ന് രാവിലെ തന്നെ മിനായില്‍ എത്തിയിരുന്നു. ഹജ്ജിന്റെ മൂന്നാം ദിവസം മുതല്‍ മറ്റു സംഘടനകളുടെ വളണ്ടിയര്‍മാരും മിനായിലെത്തും. അതേസമയം ഇന്ത്യയില്‍ നിന്നും ഹജ്ജ് സൗഹൃദ സംഘത്തലവനായി എത്തിയ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ സൗദി ഹജ്ജ് മന്ത്രി മുഹമ്മദ്‌ സാലിഹ് ബന്ദനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ അംബാസിഡര്‍, കോണ്‍സുല്‍ ജനറല്‍, ഹജ്ജ് കോണ്‍സുല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.