രാജ്യത്ത് 126 വിമാനങ്ങൾ ആവശ്യമുണ്ടായിട്ടും 36 എണ്ണം മാത്രം വാങ്ങുന്നത് വളരെ വിചിത്രമാണ്. റഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്നും അതുകൊണ്ടാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിക്കാന്‍ സർക്കാർ ഭയപ്പെടുന്നത്. കോടീശ്വരനായ സുഹൃത്തിനെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ രാജ്യത്തിന്റെ താൽപര്യങ്ങൾ ത്യജിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

മധുര: രാജ്യത്ത് 126 യുദ്ധ വിമാനങ്ങള്‍ ആവശ്യമുണ്ടായിട്ടും എന്തുകൊണ്ടാണ് ഫ്രാന്‍സിന്റെ ഡാസോ ഏവിയേഷനുമായി 36 റഫേല്‍ ജെറ്റുകള്‍ മാത്രം വാങ്ങിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടെന്ന ചോദ്യം ഉന്നയിച്ച് കോണ്‍ഗ്രസ്. യഥാര്‍ഥത്തില്‍ വിമാനങ്ങള്‍ അത്യാവശ്യമായി വേണമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് എല്ലാ വിമാനങ്ങളും ഒരുമിച്ച് എത്തിക്കാന്‍ ഫ്രഞ്ച് കമ്പനിയോട് സർക്കാർ ആവശ്യപ്പെട്ടില്ലെന്നും കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.

വിമാനങ്ങളുടെ ആദ്യ വിതരണം 2019ലും ബാക്കിയുള്ള 2022ലുമാണ് വിതരണം ചെയ്യുക. എന്നാൽ അത്യാവശ്യമാണെമെങ്കില്‍ മുഴുവൻ വിമാനങ്ങളും 2019ൽ തന്നെ രാജ്യത്ത് വിതരണം ചെയ്യണം. രാജ്യത്ത് 126 വിമാനങ്ങൾ ആവശ്യമുണ്ടായിട്ടും 36 എണ്ണം മാത്രം വാങ്ങുന്നത് വളരെ വിചിത്രമാണ്. റഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്നും അതുകൊണ്ടാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിക്കാന്‍ സർക്കാർ ഭയപ്പെടുന്നത്. കോടീശ്വരനായ സുഹൃത്തിനെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ രാജ്യത്തിന്റെ താൽപര്യങ്ങൾ ത്യജിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

കൂടാതെ 526 കോടി രൂപ ഉണ്ടായിരുന്ന ഒരു വിമാനത്തിന്റെ വില 1,670 കോടി രൂപയായി ഉയർന്നത് എങ്ങനെയാണ്? 70 വർഷത്തെ നീണ്ട പാരമ്പര്യമുള്ള പൊതുമേഖല സ്ഥാപത്തിന്റെ മേല്‍നോട്ടത്തിൽനിന്നും വിമാനം വാങ്ങുന്നത് സംബന്ധിച്ച കരാർ എന്തുകൊണ്ടാണ് വെറും 12 ദിവസം മാത്രം പരിചയമുള്ള ഒരു കമ്പനിയെ ഏല്‍പ്പിച്ചതെന്നുമുള്ള വിശദീകരണം പ്രധാനമന്ത്രി തരണമെന്നും ചതുര്‍വേദി പറഞ്ഞു.