തൃശൂര്‍: കേരളത്തില്‍ ഏറ്റവും തിരക്കുള്ള ഷൊര്‍ണൂര്‍ എറണാകുളം മേഖലയില്‍ മൂന്നാമത്തെ റെയില്‍പാത നിര്‍മിക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. പദ്ധതി അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നിര്‍ദ്ദേശമാണ് സമര്‍പ്പിച്ചതെന്ന് റെയില്‍വെ വൃത്തങ്ങള്‍ വ്യക്തമാക്കി. കൊല്ലം മെമു ഷെഡ്ഡിന്റെ രണ്ടാംഘട്ട വികസനത്തിനും നേമത്ത് 67 കോടി രൂപ ചെലവില്‍ പുതിയ കോച്ചിംഗ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനും പദ്ധതികള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം ഡിവിഷന്റെ 69 -മത് ഉപദേശക സമിതി യോഗത്തിലാണ് റെയില്‍വെ അധികൃതര്‍ ഇക്കാര്യങ്ങള്‍ വിവരിച്ചത്.
പകല്‍ സമയത്ത് കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം ദക്ഷിണ റെയില്‍വെയുടെ പരിഗണനയിലാണ്. ജനുവരി നാല് മുതല്‍ 22637 നമ്പര്‍ ചെന്നൈ - ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ എസ് 12 കോച്ച് തൃശൂരിനും ആലപ്പുഴയ്ക്കും ഇടയില്‍ ഡി-റിസര്‍വ്ഡ് ആയിരിക്കും. 22837/22838 ഹാതിയ - എറണാകുളം എക്‌സ്പ്രസിന്റെ തൃശൂരിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം റെയില്‍വെ ബോര്‍ഡിന്റെ പരിഗണനയിലാണ്. സ്ഥിരം യാത്രക്കാരുടെ വണ്ടികള്‍ നിരന്തരം നിരീക്ഷിക്കുകയും പ്രത്യേക പരിഗണന നല്‍കി പരമാവധി സമയനിഷ്ഠ ഉറപ്പാക്കുമെന്ന് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ പ്രകാശ് ഭൂട്ടാനി ഉറപ്പ് നല്‍കിയിരിക്കുകയാണ്.
16791/16792 പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂര്‍, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 12618 മംഗള എക്‌സ്പ്രസിന് എറണാകുളം ടൗണിലും 16307/16308 കണ്ണൂര്‍ - ആലപ്പുഴ എക്‌സ്പ്രസിന് പൂങ്കുന്നത്തുമാണ് പുതിയ സ്റ്റോപ്പുകളുണ്ടാവുക. എറണാകുളം - സേലം ഇന്റര്‍സിറ്റി, എറണാകുളം - രാമേശ്വരം എന്നീ പ്രതിദിന എക്‌സ്പ്രസ് ട്രെയിനുകള്‍ ആരംഭിക്കണമെന്ന ആവശ്യം പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നയിച്ചു. തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് വൈകിയോടുന്ന അവസരങ്ങളില്‍ പുനലൂര്‍ - പാലക്കാട് പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണം.
കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. കുറപ്പന്തറ - ഏറ്റുമാനൂര്‍ പാത 2018 ഏപ്രിലില്‍ പ്രവര്‍ത്തന സജ്ജമാകും. ശേഷിക്കുന്ന ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ ഏറ്റുമാനൂര്‍ - ചിങ്ങവനം പാത 2020 ല്‍ പൂര്‍ത്തുയാക്കാനാവും. ചിങ്ങവനം - ചങ്ങനാശേരി മേഖലയിലെ പാത ഇരട്ടിപ്പിക്കല്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് തുടങ്ങാനാവും. റെയില്‍പാളങ്ങളുടെ അറ്റകുറ്റപണികയും പാളങ്ങള്‍ മാറ്റി സ്ഥാപിക്കലും വേഗത്തിലാക്കുന്നതിന് ഒരു ബി.സി.എം യന്ത്രം കൂടി ഉടനെ എത്തുമെന്നും റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു.
