ജമ്മുകശ്മീരില്‍ പാക് വെടിവയ്പ്പില്‍ നാല് ഗ്രാമീണര്‍ കൊല്ലപ്പെട്ടു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് ഗുരുതര പരിക്കേറ്റു​

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാക് വെടിവയ്പ്പില്‍ നാല് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് ഗുരുതര പരിക്കേറ്റു. സ്ഥിതിഗതികള്‍ കേന്ദ്രപ്രതിരോധ മന്ത്രിയെ കരസേനാ മേധാവി അറിയിച്ചു.

വെടിനിര്‍ത്തല് കരാര്‍ ലംഘിച്ച് ജനവാസകേന്ദ്രങ്ങള്‍ക്ക് സമീപമാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം ശക്തമാക്കിയത്. സാംബാ സെക്ടറിലും, ആര്എസ് പുരയിലും പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പടെ നാല് പ്രദേശവാസികള്‍ മരിച്ചു. രംഘട്ട് മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്കും മുപ്പതിലധികം നാട്ടുകാര്‍ക്കും പരിക്കേറ്റു.

അര്‍ണിയ ആര്‍എസ് പുര മേഖലകളിലെ സ്കൂളുകള്‍ എല്ലാം അടച്ചിട്ടു. സൈന്യം തുറന്ന സുരക്ഷാക്യാമ്പുകളിലേക്ക് അതിര്‍ത്തിക്ക് സമീപത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അഖ്നൂര്‍ മേഖലയിലെ പാകിസ്ഥാന്‍ ബങ്കറുകള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ പ്രത്യാക്രമണം അവസാനിപ്പിക്കണമെന്നാണ് പാകിസ്ഥാന്‍ അപേക്ഷിച്ചത്.

ഇങ്ങോട്ട് ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്ഥാന്‍ ഷെല്ലാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വിവരങ്ങള്‍ കരസേനാ മേധാവി ബിപിന്‍‍ റാവത്ത് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് ഫോണിലൂടെ കൈമാറി.