തിരുവനന്തപുരത്ത്  സ്ത്രീയുള്‍പ്പടെ നാല് പേര്‍ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലില്‍

First Published 10, Mar 2018, 7:17 PM IST
4 goondas  arrested in thiruvannathapuram
Highlights
  • കുപ്രസിദ്ധ ഗുണയടക്കം നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : കൊലപാതകമുൾപ്പടെ നിരവധി കേസുകളിൽ പ്രതികളായ നാലുപേര്‍  ഒരുമാസത്തിനിടെ സിറ്റി പോലീസ് ഗുണ്ടാ നിയമ പ്രകാരം  കരുതൽ തടങ്കലിലാക്കി. മയക്കു മരുന്ന് കച്ചവടം, കൊലപാതകം, അടിപിടി, മോഷണം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട 21  പേർക്കെതിരെ  റിപ്പോർട്ട് തയ്യാറാക്കി ഉടനടി തന്നെ കരുതൽ തടങ്കലിനു ഉത്തരവിനായി ജില്ലാ കളക്ടർക്കു അയക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് അറിയിച്ചു.  ഇതിലേക്ക് തുടർ നടപടി സ്വീകരിക്കാൻ ഡിസിപി. ജി .ജയദേവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബോംബും, വടിവാളും മറ്റു മാരകായുധങ്ങളുമായി അക്രമത്തിനു വരുന്ന വഴിയാണ് കുപ്രസിദ്ധ ഗുണ്ടയായ കുമാരപുരം കോയിക്കൽ ലൈനിൽ ഡിനി ബാബുവിനെ (42)  പേട്ട പോലീസ് പിടികൂടിയത്. തുടർന്ന് ഡിസിപി ജി ജയദേവിന്‍റെ നിർദ്ദേശ പ്രകാരം ഗുണ്ടാ നിയമ പ്രകാരം  ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകി. കളക്ടറുടെ ഉത്തരവിന്മേൽ ഇയാളെ ഉടനടി തന്നെ കരുതൽ തടങ്കലിലാക്കി. കൂടാതെ 33 ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുമല കല്ലർ മഠം ശ്രീജിത്ത് ഉണ്ണി (26), മയക്കുമരുന്ന് കഞ്ചാവ് കച്ചവടക്കാരിയായ മുട്ടത്തറ ശാസ്താ നിവാസിൽ ശാന്തി (44), കവടിയാർ കൊക്കോട് വൃന്ദാവൻ ഗാർഡൻസിൽ അജേഷ് കുമാർ (43) തുടങ്ങിയവരാണ് ഈ അടുത്തിടെ ഗുണ്ടാനിയമ പ്രകാരം അകത്തായത്. 

സിറ്റിയിലെ വിവിധ  സ്റ്റേഷനുകളിലായി സ്ഥിരം കുറ്റവാളികളായ   നാല്പതോളം പേരുടെ ലിസ്റ്റ് പോലീസ് തയാറാക്കി വരുകയാണ്. രണ്ടും അതില്കൂടുതലും കേസുള്ളവർ  സിറ്റി പോലീസിന്റെയും ഷാഡോ പോലീസിന്റെയും നിരീക്ഷണത്തിലാണ്. ഇവരെ ക്രിമിനൽ നടപടിക്രമം  പ്രകാരം  മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി ബോണ്ട് വയ്പ്പിക്കും. വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടു സമൂഹത്തിനു ഭീഷണിയാകുന്നവരെ കരുതൽ തടങ്കലിൽ അടക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ പി പ്രകാശ് അറിയിച്ചു.

loader