വാഹനത്തിലെത്തിയ മൂന്ന് ഭീകരര്‍ സെക്യൂരിറ്റി ചെക് പോയിന്റിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ പൊലീസ് ചെക്ക് പോയിന്റിന് നേരെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തില്‍ ഒരു സൗദി സുരക്ഷാ ഉദ്ദ്യോഗസ്ഥനും ഒരു ബംഗ്ലാദേശി പൗരനും ആക്രണം നടത്തിയ രണ്ട് പേരുമാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബുറൈദ-തര്‍ഫിയ റോഡിലുള്ള ഖസീം പ്രദേശത്തായിരുന്നു ആക്രമണം. വാഹനത്തിലെത്തിയ മൂന്ന് ഭീകരര്‍ സെക്യൂരിറ്റി ചെക് പോയിന്റിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരാളെ പിടികൂടി. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സുലൈമാന്‍ അബ്ദുല്‍ അസീസ് അബുദുല്‍ ലത്വീഫ് എന്ന സുരക്ഷാ സൈനികനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ബംഗ്ലാദേശ് സ്വദേശിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയാതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.