പാലക്കാട് ഒറ്റപ്പാലത്ത് നാല്‍പ്പത് വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വേങ്ങശ്ശേരി സ്വദേശി ധനലക്ഷ്മിയാണ് വെട്ടേറ്റ് മരിച്ചത്. പാലക്കാട് എസ്പിയുടെയും ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി.

വീടിന് പിന്നിലെ ചാണകക്കുഴിക്ക് സമീപത്തായാണ് ധനലക്ഷ്മിയുടെ മൃതദേഹം കിടന്നിരുന്നത്. വിവാഹമോചിതയായ ധനലക്ഷ്മി നാല് വര്‍ഷത്തോളമായി ബാലന്റെ കൂടെയായിരുന്നു താമസം. സമീപത്തെ വീടുകളില്‍ പാല്‍ കൊടുത്ത് തിരിച്ച് വന്ന ബാലന്‍, ധനലക്ഷ്മിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പിന്നില്‍ മൃതദേഹം കണ്ടത്. കഴുത്തിലും വാരിയെല്ലിലും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. എന്നാല്‍, മോഷണശ്രമത്തിനിടെയുള്ള കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബാലനും ധനലക്ഷ്മിയും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് എസ്.പിയുടെയും ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടേയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേസന്വേഷണത്തിനായി ഒറ്റപ്പാലം സി.ഐയെ ചുമതപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.