ഭോപ്പാല്‍: മധ്യപ്രദേശില്‍ നാല്‍പതുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് ഏഴ് മണിക്കൂറോളം പീഡനത്തിനിരയാക്കി. ഭോപ്പാല്‍ ഉബൈദുള്ള ഗഞ്ച് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ബുധനി ജില്ലയിലെ സെഹോറ സ്വദേശിനിയാണ് പീഡനത്തിനിരയായത്.

ഉബൈദുള്ളഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ സ്ത്രീയെ പൊലീസ് തിരിച്ചയച്ചതായും ആരോപണമുണ്ട്. റെയില്‍വേ പെലീസില്‍ പരാതി നല്‍കാന്‍ പറഞ്ഞ് പരാതി സ്വീകരിച്ചില്ലെന്നാണ് ആരോപണം.

റെയില്‍വേ സ്റ്റേഷനില്‍ പരിചയക്കാരന്‍ മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ യാത്ര വാഗ്ദാനം ചെയ്തു. സുഹൃത്തിനെ വിശ്വസിച്ച് അപരിചിതനായ അയാളുടെ കൂടെ സ്ത്രീ വീട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലേക്ക് കൊണ്ടുവിടുന്നതിന് പകരം ബുധനിക്ക് സമീപം വിജനമായ സ്ഥലത്തുവച്ച് പീഡനത്തിനിരയാക്കി.

പിന്നീട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ജീപ്പില്‍ കയറ്റി വീണ്ടും ഉബൈദുള്ളഗഞ്ചില്‍ കൊണ്ടുപോയി. റെയില്‍വെ അടിപ്പാതയില്‍ വച്ച് വീണ്ടും കൂട്ടബലാത്സംഗത്തിനിരയാക്കി. ജീപ്പില്‍ വച്ചും പീഡനം നടന്നു. രാത്രി വൈകിയാണ് സ്ത്രീയെ പ്രതികള്‍ വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.