സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്‌ട്രേഷനുള്ള വിദേശ എൻജിനീയർമാരുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
സൗദി അറേബ്യ : സൗദി അറേബ്യയിൽ അഞ്ചു മാസത്തിനിടെ 4537 പ്രവാസി എഞ്ചിനീയർമാർക്ക് ജോലി നഷ്ടമായതായി കണക്കുകൾ. കുറഞ്ഞ തൊഴിൽ പരിചയം 5 വർഷമാക്കിയതും മറ്റ് ജോലികളിൽ നിന്നുള്ള മാറ്റം നിരോധിച്ചതുമാണ് കാരണം. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായാണ് നടപടി.
സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽ രജിസ്ട്രേഷനുള്ള വിദേശ എൻജിനീയർമാരുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കൗൺസിൽ രജിസ്ട്രേഷനുള്ള സ്വദേശി എൻജിനീയർമാരുടെ എണ്ണത്തിൽ 6300 പേരുടെ വർദ്ധനവ് ഉണ്ടായി. ഏറ്റവും പുതിയ കണക്കു പ്രകാരം രണ്ടു ലക്ഷം എൻജിനീയർമാർക്കാണ് കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽ രജിസ്ട്രേഷനുള്ളത്. ഇതിൽ 1,68,266 പേരും വിദേശികളാണ്.
എന്നാൽ സ്വദേശി എൻജിനീയർമാരുടെ എണ്ണം 18.8 ശതമാനം മാത്രമാണ്. സ്വദേശികൾക്ക് കൂടുതൽ തൊഴില് ലഭ്യതക്കായി കഴിഞ്ഞ ജനുവരി മുതൽ അഞ്ചു വർഷത്തിൽ കുറവ് തൊഴിൽ പരിചയമുള്ള വിദേശ എൻജിനീയർമാരുടെ റിക്രൂട്ട്മെന്റ് സൗദി പൂർണമായും നിർത്തിവെച്ചിരുന്നു.
