2014നെ അപേക്ഷിച്ച് 2015ല്‍ പുതിയ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ 46 ശമതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിതാഖാതും, തൊഴില്‍-വാണിജ്യ-വ്യവസായ മന്ത്രലായങ്ങള്‍ നിയമ ലംഘനത്തിന്റെ പേരിലും ബിനാമി ബിസിനസ്സിന്റെ പേരിലും നടത്തി വരുന്ന പരിശോധനകളും പുതിയ സംരഭങ്ങള്‍ക്ക് വിഘാതം സൃഷ്‌ടിച്ചു. വിദേശികളുടെ പേരില്‍ 2400 റിയാലിന്റെ ലെവി നടപ്പാക്കിയതും പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ കുറവുണ്ടായി എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ബിനാമി ബിസിനസ്സിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കുകയും മറ്റു വകുപ്പുകളോട് വാണിജ്യ മന്ത്രാലയവുമായി സഹകരിക്കാനും 2014ല്‍ സൗദി മന്ത്രിസഭ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനാമി ബിസിനസ്സ് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചതോടെ വിദേശികള്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനോട് വിമുഖത കാണിച്ചതായാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന. 2010 മുതല്‍ 2013 വരെയുള്ള കാലത്ത് പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ വലിയ മുന്നേറ്റം പ്രകടമായപ്പോള്‍ 2014ലും 2015ലും ഇതില്‍ കുത്തനെ കുറവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു ലൈസന്‍സ് നല്‍കിയതില്‍ 20.7 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്.