Asianet News MalayalamAsianet News Malayalam

ഇന്ന് അർദ്ധരാത്രി മുതൽ രാജ്യത്ത് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്

നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നയങ്ങൾ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകൾ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതൽ ആരംഭിക്കും. റയിൽവെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ - ടാക്സി തൊഴിലാളികള്‍ തുടങ്ങിയവർ പണിമുടക്കില്‍ പങ്കെടുക്കും. 

48 hour national strike start at from today midnight
Author
Delhi, First Published Jan 7, 2019, 6:56 AM IST

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നയങ്ങൾ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകൾ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതൽ ആരംഭിക്കും. റയിൽവെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ - ടാക്സി തൊഴിലാളികള്‍ തുടങ്ങിയവർ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.

വര്‍ഷം ഒരു കോടി തൊഴിലവസരമെന്ന വാഗ്ദാനം മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ല, ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നതു മൂലം തൊഴിൽ നഷ്ടം രൂക്ഷമാക്കി.  ജിഎസ്ടി മൂലമുള്ള വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂര്‍ ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാൻ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്. 

ബിജെപി ഹര്‍ത്താലിന് പിന്നാലെയെത്തുന്ന രണ്ട് ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കും. കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും നേതാക്കള്‍ പറയുമ്പോഴും 19 യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാധ്യത. 
 
ശബരിമല പ്രശ്നത്തില്‍ ബിജെപിയും ശബരിമല കര്‍മ്മ സമിതിയും തുടരെത്തുടരെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ജനവികാരം ശക്തമാവുകയും വ്യാപാര വ്യവസായ രംഗത്തെ വിവിധ സംഘടനകള്‍ നിലപാട് കടുപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംയുക്ത ട്രേഡ് യൂണിയന്‍റെ 48 മണിക്കൂര്‍ പണിമുടക്ക്. ബിഎംഎസ് ഒഴികെ സംസ്ഥാനത്തെ 19 ട്രേഡ് യൂണിനുകളും പണിമുടക്കിന്റെ  ഭാഗമാകുന്നതിനാല്‍ പണിമുടക്ക് ഹര്‍ത്താലിനെക്കാള്‍ ശക്തമാകാനാണ് സാധ്യത. 

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും,  ഓട്ടോ - ടാക്സി സര്‍വ്വീസുകളും നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ പൊതുഗതാഗത മേഖലകളും പണിമുടക്കിന്‍റെ ഭാഗമാകും. ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖല, അസംഘടിത മേഖലയിലെ വിവിധ തൊഴിലിടങ്ങള്‍ എന്നിവയും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും.

പാല്‍, പത്രം എന്നിവയ്ക്കൊപ്പം വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥആടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ എത്തുന്ന വാഹനങ്ങള്‍ തടയുകയോ താമസിക്കുന്ന ഹോട്ടലുകള്‍ അടപ്പിക്കുകയോ ചെയ്യില്ല. പണിമുടക്ക് ദിനം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുളള സംഘടനകളുടെ തീരുമാനം. ബിജെപി ഹര്‍ത്താലിനെതിരെ  സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ പണിമുടക്ക് ദിനം സമാനമായ പ്രതിഷേധങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 
 

Follow Us:
Download App:
  • android
  • ios