മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ 49 പ്രശ്‌നസാധ്യതാ ബൂത്തുകള്‍ ഉള്ളതായി വിലയിരുത്തല്‍‍. 3300 പൊലീസുകാരെയാണ് തെരഞ്ഞെടുപ്പിനായി മണ്ഡലത്തില്‍ നിയോഗിക്കുക. നാലു കമ്പനി കേന്ദ്രസേന മലപ്പുറത്തെത്തി.

1175 ബൂത്തുകളാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില് ആകെയുള്ളത്. ഇതില് 49 എണ്ണം പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളാണ്. ഏറ്റവും കൂടുതല്‍ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിലാണ്. 14 ബൂത്തുകള്‍. മങ്കട മണ്ഡലത്തില്‍ പത്തും മലപ്പുറത്തും വള്ളിക്കുന്നിലും എട്ടു വീതവും മഞ്ചേരിയിലും വേങ്ങരയിലും പെരിന്തല്മണ്ണയിലും മൂന്ന് എണ്ണം വീതവുമുണ്ട്. തെരഞ്ഞെടുപ്പിനായി 3300 പൊലീസുകാരെ വിന്യസിക്കും. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ട്രൈകിംഗ് ഫോഴ്‌സിന് പുറമെ നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ സബ് ഡിവിഷണല്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സും ഒമ്പത് സി ഐമാരുടെ നേതൃത്വത്തില്‍ സര്‍ക്കിള്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സും ഉണ്ടാകും. വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ പരിശോധനയും രാത്രികാല പട്രോളിംഗും ശക്തമാക്കിയിട്ടുമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റ അറിയിച്ചു. നാലു കമ്പനി കേന്ദ്രസേനയും മലപ്പുറത്തെത്തിയിട്ടുണ്ട്. പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി, മുണ്ടുപറമ്പ് എന്നിവിടങ്ങളിലാണ് കേന്ദ്രസേനയെ വിന്യസിച്ചിരിക്കുന്നത്.