ശ്രീനഗര്‍: കാശ്മീരിലെ പാംപോറയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ മരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇപ്പോഴും പാംപോര്‍ മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. ഒരാള്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ തുടരുന്നത്. കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ തെരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. 

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സിആര്‍പിഎഫ് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകര സംഘടനയാണ്. തീവ്രവാദ വിരുദ്ധ സേനയും കരസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. 

പുല്‍വാമ മേഖലയില്‍ സിആര്‍പിഎഫ് ട്രെയിനിംഗ് ക്യാംപിന് നേരെ ഇന്നലെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. അഞ്ച് ജവാന്‍മാര്‍ക്ക് ഇന്നലെയും ജീവന്‍ നഷ്ടമായിരുന്നു. 

കഴിഞ്ഞ ദിവസം നൂര്‍ മുഹമ്മദെന്ന ജെയ്ഷ് ഇ മുഹമ്മദ് കമാന്ററെ വധിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതികാരമായാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ എന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.