അനധികൃതസ്വത്ത് സമ്പാദന കേസില്‍ എഐഎഡിഎംകെ ജനറല്‍സെക്രട്ടറി ശശികല ശിക്ഷിക്കപ്പെട്ടതോടെ എന്ത് മാറ്റമാണ് തമിഴ് രാഷ്ട്രീയത്തില്‍ സംഭവിക്കുക എന്ന് ഉറ്റുനോക്കുകയാണ് രാജ്യം. ശശികലയുടെ വീഴ്ചയോടെ തമിഴ് രാഷ്ട്രീയത്തില്‍ സംഭവിച്ചേക്കാവുന്ന 5 കാര്യങ്ങള്‍ പരിശോധിക്കാം.
1. ഗവര്‍ണ്ണറുടെ നിലപാട്
ശശികലയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരുവാന്‍ സാധിക്കാത്ത സ്ഥിതിയില്‍, അവര്‍ നിര്‍ദേശിക്കുന്നയാളെ ഗവര്‍ണ്ണര്‍ ക്ഷണിക്കുമോ എന്നാണ് പ്രധാന ചോദ്യം. എന്നാല്‍ ഒരിക്കല്‍ കൂടി കേന്ദ്രത്തിന്‍റെ നിര്‍ദേശം ഗവര്‍ണ്ണര്‍ തേടും എന്നാണ് കരുതുന്നത്. പനീര്‍ശെല്‍വത്തിന്‍റെ ഭാവിയും ഗവര്‍ണ്ണറുടെ കയ്യിലാണ്. പുതിയ കോടതി വിധിവന്ന സ്ഥിതിക്ക് നിയമസഭ വിളിച്ച് മനസാക്ഷി വോട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ നിര്‍ദേശിക്കുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
2. ശശികലയുടെ പകരക്കാരന്‍
വിധി പ്രതികൂലമായതോടെ ശശികല മുഖ്യമന്ത്രിസ്ഥാനത്തേക്ക് തന്‍റെ പകരക്കാരനെ തേടുകയാണ്. ഇവിടെ ശശികലയുടെ നിലപാട് നിര്‍ണ്ണായകമായിരിക്കും, ജയലളിത മരിച്ച രാത്രിയില്‍ പനീര്‍ശെല്‍വത്തിനെ മുഖ്യമന്ത്രിയാക്കുവാന്‍ ഒരു എതിര്‍പ്പും പ്രകടപ്പിക്കാതിരുന്ന ശശികലയുടെ രാഷ്ട്രീയ നീക്കങ്ങള്‍ തെറ്റിയതും അവിടെ തന്നെ. അതിനാല്‍ തന്നെ എടപ്പടി പളനിസ്വാമി, സെങ്കോട്ടയ്യന്‍ ഇങ്ങനെ ചിലരുടെ പേരുകള്‍ ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നു.
3. സ്റ്റാലിന് വഴിയൊരുങ്ങുന്നു
രാഷ്ട്രീയമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് വലിയ അവസരമാണ് ഒരുങ്ങുന്നത്. വിധി വന്നതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ എഡിഎംകെ ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. ജയലളിത ഒന്നാം പ്രതിയായ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അതിനാല്‍ തന്നെ എഡിഎംകെ ഭരണമാണ് ശിക്ഷിക്കപ്പെട്ടത് എന്ന നിലപാടുമായി സ്റ്റാലിന്‍ പ്രചരണവുമായി രംഗത്ത് എത്താന്‍ സാധ്യതയുണ്ട്. ഇത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സ്റ്റാലിന് തുറന്നിടുന്നത് വലിയ രാഷ്ട്രീയ സാധ്യതകളാണ്.
4. കേന്ദ്രത്തിന്‍റെ നിലപാട്
ശശികലയ്ക്ക് സത്യപ്രതിജ്ഞയ്ക്ക് അവസരം നിഷേധിക്കുന്ന ഗവര്‍ണ്ണറുടെ നിലപാടിന് പിന്നില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ് എന്നത് ഒരു രാഷ്ട്രീയ രഹസ്യമല്ല. എന്നാല്‍ സുപ്രീംകോടതി വിധി വന്നതോടെ ഗവര്‍ണ്ണര്‍ കാത്തിരുന്നത് ജനധിപത്യപരമായി ശരിയാണെന്ന് വന്നിരിക്കുകയാണ്. അതിനാല്‍ തമിഴ് രാഷ്ട്രീയത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഒരുങ്ങുന്ന ബിജെപി ഈ സന്ദര്‍ഭം എങ്ങനെ ഉപയോഗിക്കും എന്നത് നിര്‍ണ്ണായകമാണ്. ഒരു സ്ഥിരതയുള്ള സര്‍ക്കാര്‍ വേണം എന്നാണ് കേന്ദ്രം വിധിക്ക് ശേഷം പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്.
5. എഡിഎംകെയ്ക്ക് പുതിയ നേതാവ്
ജയലളിതയുടെ മരണത്തിന് ശേഷം ഉയര്‍ന്നു കേട്ട അഭ്യൂഹമാണ് പുതിയ നേതാവ് എന്നത്, അജിത്ത് അടക്കമുള്ള സിനിമതാരങ്ങളുടെ പേരും ഇതിന്‍റെ പേരില്‍ ഉയര്‍ന്നു കേട്ടിരുന്നു. ശശികല ജയിലില്‍ ആകുന്നതോടെ ഇത്തരത്തില്‍ ഒരു സാധ്യത വീണ്ടും തെളിയുകയാണ്.
