മധുര: തമിഴ്‌നാട്ടിലെ മധുര ജില്ലയിലുള്ള വണ്ടിയൂരില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് സ്ത്രീകളുള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. വണ്ടിയൂര്‍ കുറിഞ്ചി നഗര്‍ എന്നയിടത്ത് മുരുഗന്‍ എന്നയാളുടെ കുടുംബത്തിലുള്ളവരാണ് മരിച്ചത്. നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കുടുംബനാഥനായ മുരുഗനെക്കൂടാതെ, ജയജ്യോതി, ജയശക്തി, വേല്‍മുരുഗന്‍, ധരണി എന്നിവരാണ് മരിച്ചത്. ആശുപത്രിയിലുള്ള പത്ത് വയസ്സുകാരി മോണിക്ക, ദേവി, തങ്കസെല്‍വി എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ മധുര മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വണ്ടിയൂര്‍ സര്‍ക്കാരാശുപത്രിയിലാണുള്ളത്. കടബാധ്യതയെത്തുടര്‍ന്നാണ് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.