Asianet News MalayalamAsianet News Malayalam

ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ ആക്രമണം: ആഭ്യന്തരമന്ത്രിയോട് സുഷമ സ്വരാജ് നടപടി ആവശ്യപ്പെട്ടു

5 held molestation against africans in delhi
Author
First Published May 29, 2016, 12:47 PM IST

ഇന്നലെ രാത്രിയാണ് ക്രിക്കറ്റ് ബാറ്റുകളും വടികളുമായി ഒരു സംഘമാളുകള്‍ ദില്ലിയിലെ മെഹ്‌റോളിയില്‍ ആഫ്രിക്കന്‍ വംശജര്‍ കഴിയുന്ന തെരുവില്‍ ആക്രമണം നടത്തിയത്. രണ്ട് സ്ത്രീകളടക്കം നൈജീരിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രാദേശികമായി ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കറുത്തവര്‍ക്ക് ഈ നാട്ടില്‍ സ്ഥാനമില്ലെന്നും നാട്ടിലേയ്ക്ക് മടങ്ങിപ്പോകണമെന്നും ആക്രോശിച്ച് ഒരു സംഘമാളുകള്‍ ഏകപക്ഷീയമായി അക്രമിയ്ക്കുകയായിരുന്നുവെന്ന് പരിക്കേറ്റ നൈജീരിയന്‍ സ്വദേശി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഓട്ടോ ഡ്രൈവറുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ കോംഗോ സ്വദേശിയായ മസോണ്ടാ കെറ്റാഡ ഒളിവിയര്‍ എന്ന യുവാവിനെ ദില്ലിയില്‍ ഒരു സംഘമാളുകള്‍ തല്ലിക്കൊന്നത്.

ആഫ്രിക്കന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വ്യാപകമായതിനെതിരെ നയതന്ത്രവൃത്തങ്ങളില്‍പ്പോലും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്. സംഭവത്തില്‍ ഉടന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സുഷമാ സ്വരാജ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായും ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗുമായും ചര്‍ച്ച നടത്തി. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് ദില്ലി പൊലീസ് ഉറപ്പ് നല്‍കിയെന്നും വംശീയാധിക്ഷേപത്തിനെതിരെ ബോധവല്‍ക്കരണപരിപാടികള്‍ നടത്തുമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. തുറന്ന പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ആഫ്രിക്കന്‍ വിദ്യാര്‍ഥികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ വിദേശകാര്യസഹമന്ത്രി വി കെ സിംഗിന് സുഷമാ സ്വരാജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ മെഹ്‌റോളി സ്വദേശികളായ അഞ്ച് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കോംഗോ സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള നടപടികളും വിദേശകാര്യമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios