ഗുമ്മിഡിപ്പൂണ്ടി റെയില്‍വെ സ്റ്റേഷന്‍ കോളനിയില്‍ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേരെ വെട്ടിക്കൊന്നതും കഴിഞ്ഞദിവസമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഷാജഹാന്‍ എന്നയാളുടെ കൊലപാതകത്തിലുള്ള പകയായിരുന്നു കാരണം

ചെന്നൈ: ചെന്നൈ നഗരത്തില്‍ വീണ്ടും ഗുണ്ടാരാജ്. രണ്ട് ദിവസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഗുണ്ടാ ആക്രമണങ്ങളില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ കൊലപാതകങ്ങളെ തുടര്‍ന്ന് നഗരത്തില്‍ നിരീക്ഷണം ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.

ചെന്നൈയില്‍ തുടര്‍ക്കഥയാവുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ ആശങ്കയേറുകയാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. 2015 ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരായി മടങ്ങുന്നതിനിടെയാണ് ചൂളൈമേട് സ്വദേശി കുമരേശനെ ഒരു സംഘമാളുകള്‍ കഴിഞ്ഞദിവസം വെട്ടിക്കൊന്നത്. ഒന്നിലേറെ കൊലക്കേസുകളില്‍ പ്രതിയായ ഇയാള്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. 

മുന്‍ വൈരാഗ്യത്തിന്‍റെ പേരിലാണ് ചെന്നൈയില്‍ തന്നെ മറ്റൊരു ഗുണ്ടാ നേതാവിനെ ആറംഗ സംഘം ഞായറാഴ്ച രാത്രിയില്‍ വെട്ടിക്കൊന്നത്. ചീട്ടുകളിച്ചുകൊണ്ടിരുന്ന കുമരനെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഇയാളും ഒന്നിലേറെ കൊലക്കേസുകളില്‍ പ്രതിയാണ്. സംഭവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഗുമ്മിഡിപ്പൂണ്ടി റെയില്‍വെ സ്റ്റേഷന്‍ കോളനിയില്‍ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേരെ വെട്ടിക്കൊന്നതും കഴിഞ്ഞദിവസമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഷാജഹാന്‍ എന്നയാളുടെ കൊലപാതകത്തിലുള്ള പകയായിരുന്നു കാരണം. കവര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സിസിടിവി സ്ഥാപിച്ചിരുന്നു. കവര്‍ച്ച സംഭവങ്ങള്‍ കുറഞ്ഞെങ്കിലും ഗുണ്ടാ വിളയാട്ടം കൂടിയതാണ് ആശങ്കയ്ക്കിടയാക്കുന്നത്.