മോട്ടി നഗറിലെ ഡിഎല്‍എഫ് ഫ്ലാറ്റിന് സമീപത്തെ ഓട വൃത്തിയാക്കുന്നതിനിടെയാണ് അപകടം

ദില്ലി: ഓട വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച് ദില്ലിയില്‍ അഞ്ച് പേര്‍ മരിച്ചു. മോട്ടി നഗറിലെ ഡിഎല്‍എഫ് ഫ്ലാറ്റിന് സമീപത്തെ ഓട വൃത്തിയാക്കുന്നതിനിടെയാണ് അപകടം. 22 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ് മരിച്ച അഞ്ച് പേരും. 

ഞായര്‍ ഉച്ചയോടെയായിരുന്നു അപകടം. രണ്ട് പേര്‍ സംഭവ സ്ഥലത്തു വച്ചും മൂന്ന് പേര്‍ ദില്ലിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് അപകടം നടന്ന വാര്‍ഡ് 99 ലെ കൗണ്‍സിലര്‍ സുനിത മിശ്ര ആവശ്യപ്പെട്ടു. 

ദില്ലിയില്‍ ഓട വൃത്തിയാക്കുന്നതിനിടയില്‍ വിഷപ്പുക ശ്വസിച്ച് ആളുകള്‍ മരിക്കുന്നത് ആദ്യ സംഭവമല്ല. ഓട വൃത്തിയാക്കാന്‍ നൂതന ടെക്നോളജികള്‍ ഉപയോഗപ്പെടുത്തുമെന്ന് ആംആദ്മി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഒന്നും പ്രാവര്‍ത്തിരകമാക്കിയിട്ടില്ല. മരണത്തിന്‍റെ ഉത്തരവാദിത്വം ആംആദ്മിയ്ക്കാണെന്ന് ബിജെപി നേതാവ് ഭരത് ഭൂഷന്‍ മദന്‍ പറഞ്ഞു.