ദില്ലി: ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച അഞ്ച് വയസ്സുകാരന് ചികിത്സ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ എംയിസില്‍ ഡോക്ടര്‍മാരുടെ സംഘം രൂപീകിരിക്കും. എയിംസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ കേരള ഹൗസിലെത്തി കുട്ടിയെ പരിശോധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ഡാനി സ്റ്റെനോ എന്ന 5 വയസ്സുകാരന്‍റെ ദുരവസ്ഥ കണ്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. എയിംസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ പ്രാഥമിക പരിശോധന നടത്തി തിങ്കളാഴ്ച കുഞ്ഞുമായി എയിംസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു.
ദയാവധം നൽകണമെന്ന ആവശ്യവുമായി തൃശൂരിൽ നിന്നുള്ള തമിഴ് കുടുംബം ദില്ലിയിൽ എത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയ കുടുംബത്തെ ഉദ്യോഗസ്ഥർ തിരിച്ചയച്ചതിനെ തുടര്‍ന്ന് കൊടുംതണുപ്പിലും ദില്ലിയില്‍ തുടരുകയായിരുന്നു ഈ കുടുംബം.
ഡാനി സ്റ്റെനോ എന്ന അഞ്ചുവയസ്സുകാരന് കാഴ്ചയില്ല, സംസാര ശേഷിയില്ല, മറ്റുകുട്ടികളെ പോലെ നടക്കാനോ ഓടാനോ പറ്റില്ല, എന്തിന് ഒന്നുനിവര്‍ന്നിരിക്കാന്‍ പോലും ആകില്ല. എന്നാൽ എല്ലാം ശബ്ദവും കേള്‍ക്കാന്‍ പറ്റും. ഓരോ ശബ്ദം കേള്‍ക്കുമ്പോള്‍ അവന്‍ അസ്വസ്ഥനാകും. പേടിച്ച് കരയും. പ്രസവ സമയത്ത് ആശുപത്രിയിലെ ചികിത്സാപിഴവാണ് ഇതിന് കാരണമെന്ന് തൃശൂരിലെ ഒല്ലുരില് നിന്ന് ദില്ലിയിലേക്ക് എത്തിയ ഡാനി സ്റ്റെനോയുടെ അച്ഛൻ ഡെന്നീസും അമ്മ മേരിയും പറയുന്നു.
കന്യാകുമാരി സ്വദേശികളാണെങ്കിലും കഴിഞ്ഞ പതിനഞ്ചുകൊല്ലമായി തൃശൂരിലാണ് ഇവരുടെ താമസം. ചികിത്സയുടെ എല്ലാ വഴികളും അടഞ്ഞപ്പോള്‍ കുട്ടിയുടെ അവസ്ഥ സഹിക്കാനാകാതെയാണ് ഈ കുടുംബം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നീതിതേടി എത്തിയത്. നിര്‍മ്മാണ തൊഴിലാളിയായ ഡെന്നിസിന് ഒന്നര വയസ്സുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്. ഡെന്നീസിന് കിട്ടുന്ന ദിവസക്കൂലിയില്‍ നിന്നാണ് ഇവര്‍ നാലുപേരും കഴിയുന്നതും ഈ കുട്ടിയുടെ ചികിത്സയുമെല്ലാം നടന്നുപോകുന്നത്.
