214 അധ്യാപകര്‍ക്കെതിരെ സിബിഎസ്ഇയുടെ നടപടി
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വന്നതിന് ശേഷം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച 50 ശതമാനം പേര്‍ക്കും മാര്‍ക്ക് കൂട്ടിക്കിട്ടി. 9,111 വിദ്യാര്‍ഥികളുടെ പരീക്ഷ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തിയപ്പോള്‍ 4,632 തെറ്റുകളാണ് മൂല്യനിര്‍ണയത്തില്‍ ഉണ്ടായതെന്ന് വ്യക്തമായി. ശരിയായ ഉത്തരത്തിന് പൂജ്യം മാര്‍ക്ക് നല്‍കുന്നതാണ് ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെട്ട തെറ്റ്. കൂടാതെ, ഉത്തരങ്ങള്‍ നോക്കാതെ വിട്ടിട്ടുമുണ്ട്.
നാഗ്പൂരിലെ ഇഷ്റിത ഗുപ്ത എന്ന വിദ്യാര്‍ഥി പുനര്‍മൂല്യനിര്‍ണയത്തിലൂടെ ലഭിച്ച മാര്‍ക്കിലൂടെ സംസ്ഥാനത്തെ ബോര്‍ഡ് ടോപ്പറായി. ബാക്കി എല്ലാ വിഷയത്തിനും 95 മാര്‍ക്കില്‍ കൂടുതല്‍ ലഭിച്ച ഇഷ്റിതയ്ക്ക് പൊളിറ്റിക്കല്‍ സയന്‍സില്‍ മാര്‍ക്ക് കുറഞ്ഞത് അംഗീകരിക്കാന്‍ പ്രയാസമായിരുന്നു. വീണ്ടും പരിശോധന നടത്തിയപ്പോല്‍ ഇഷ്റിതയുടെ 17 ഉത്തരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നതായി വ്യക്തമായി. ഇതു മാറിയപ്പോള്‍ 22 മാര്‍ക്കാണ് കൂടിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം നിരവധി പ്രശ്നങ്ങള്‍ മൂല്യനിര്‍ണയത്തില്‍ സംഭവിച്ചിട്ടുണ്ട്.
ഗുരുതര തെറ്റുകള്‍ വരുത്തിയ 214 അധ്യാപകര്‍ക്കെതിരെ സിബിഎസ്ഇ നടപടി സ്വീകരിച്ചിട്ടുണ്ട്. അതില്‍ 81 പേര്‍ ഡെറാഡൂണില്‍ നിന്നും 55 പേര്‍ അലഹാബാദില്‍ നിന്നുമാണ്. തെറ്റുകള്‍ ഒഴിവാക്കാനായി കണക്കിന്‍റെയും കംപ്യൂട്ടര്‍ സയന്‍സിന്‍റെയും അധ്യാപകരെയാണ് മൂല്യനിര്‍ണയം നടത്തുന്നതിനായി സിബിഎസ്ഇ നിയോഗിച്ചത്. കൂടാതെ, ഒരു പേപ്പര്‍ തന്നെ രണ്ടു തവണ നോക്കുന്ന ഇരട്ട മൂല്യനിര്‍ണയ സംവിധാനവും ഏര്‍പ്പെടുത്തി.
ഇത് വിജയകരമായെന്നാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് തൃപാഠി പറയുന്നത്. 99.6 ശതമാനം പേപ്പറുകളും ഇത്തവണ തെറ്റുകളില്ലാതെ മൂല്യനിര്‍ണയം നടത്താനായി. പേപ്പര്‍ നോക്കുന്നവര്‍ക്കുണ്ടാകുന്ന സമ്മര്‍ദമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. 61.34 ലക്ഷം പേപ്പര്‍ 50,000 അധ്യാപകരമാണ് മൂല്യനിര്‍ണയം നടത്തുന്നത്. അടുത്ത വര്‍ഷം കൂടുതല്‍ കാര്യക്ഷതമയോടെ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
