റിയാദ്: സൗദിയിലെ ഹായിലില്‍ അഞ്ഞൂറോളം ഇന്ത്യക്കാരാണ് ഇത് വരെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വന്നിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനു ഇന്ത്യക്കാര്‍ ഇതുവരെ നാട്ടിലേക്ക് മടങ്ങി. പൊതുമാപ്പ് സേവനങ്ങള്‍ക്കായി അവധി ദിവസങ്ങളില്‍ പോലും ഇവിടെ സൗദി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നു.
പൊതുമാപ്പ് സേവനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി സംഘം മൂന്നു തവണ ഇതുവരെ ഹായില്‍ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ അഞ്ച്,പന്ത്രണ്ട്,ഇരുപത്തിരണ്ട് തിയ്യതികളില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു സംഘത്തിന്റെ സേവനം. മലയാളികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനു ഇന്ത്യക്കാര്‍ ഈ സേവനം വഴി പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി. നൂറുക്കണക്കിനു പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട്പാസ് വിതരണം ചെയ്തു. കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ള തൊണ്ണൂറ്റിയാറു പേര്‍ക്ക് ജവാസാത്തില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് ലഭിച്ചു. ഉള്‍പ്രദേശങ്ങളില്‍ പോലും പൊതുമാപ്പിനു അര്‍ഹരായവരെ കണ്ടെത്തി സന്നദ്ധ സംഘടനകള്‍ സേവന കേന്ദ്രത്തില്‍ എത്തിക്കുന്നുണ്ട്.
ഹുറൂബ് കേസില്‍ പെട്ടവരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരില്‍ കൂടുതലും. പൊതുമാപ്പ് സേവനത്തിനായി സൗദി പാസ്‌പോര്‍ട്ട് വിഭാഗവും ഡീപോര്‍ട്ടേഷന്‍ സെന്ററും ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. സൗദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഹായില്‍ പ്രദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നല്ലൊരു ഭാഗവും കൃഷിയിടങ്ങളിലും ആടു വളര്‍ത്തല്‍ കേന്ദ്രങ്ങളിലുമാണ്. അഞ്ഞൂറോളം ഇന്ത്യക്കാര്‍ ഇതുവരെ സഹായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തു. ദിനംപ്രതി മുപ്പതിലധികം പേര്‍ക്ക് ജവാസാത്തില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസി സംഘത്തിന്റെ അടുത്ത സന്ദര്‍ശനം മെയ് ആറിനാണ്.
