ആയിരത്തോളം ഉദ്യോഗസ്ഥരെയാണ്  ട്രാഫിക് നിയന്ത്രണത്തിനായി മാത്രം മാറ്റിവയ്‌ക്കേണ്ടി വന്നതെന്ന് ട്രാഫിക് പൊലീസ് വിഭാഗം ജോയിന്റ് കമ്മീഷ്ണര്‍ പറഞ്ഞു. തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ തുടരെ വിവരങ്ങള്‍ പങ്കുവച്ചും ഇവര്‍ തിരക്ക് നിയന്ത്രിച്ചുകൊണ്ടിരുന്നു

ദില്ലി: ജനത്തിരക്കിന്റെയും ട്രാഫിക് ബ്ലോക്കുകളുടെയും കാര്യത്തില്‍ എപ്പോഴും മുന്നിലാണ് ദില്ലി നഗരം. നിത്യേനയുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ തന്നെ പാടുപെടുകയാണ് ട്രാഫിക് വിഭാഗവും പൊലീസും. ഇതിനിടെ അപ്രതീക്ഷിതമായി നടക്കുന്ന പരിപാടികളുടെ ഭാഗമായി വരുന്ന തിരക്ക് കൂടിയാകുമ്പോള്‍ പിന്നെ പറയാനുമില്ല.

ഇന്നലെ അങ്ങനെയൊരു ദിവസമായിരുന്നു ദില്ലിക്ക്. ഏതാണ്ട് 5,000 വിവാഹമാണ് നഗരത്തിലും ചുറ്റുമായി ഇന്നലെ ഒരു ദിവസം മാത്രം നടന്നതത്രേ. സാധാരണഗതിയിലുണ്ടാകാറുള്ള തിരക്കിന്റെ ഇരട്ടിയാണ് ഇതോടെ നഗരത്തില്‍ അനുഭവപ്പെട്ടത്. 

ആയിരത്തോളം ഉദ്യോഗസ്ഥരെയാണ് ഇതോടെ ട്രാഫിക് നിയന്ത്രണത്തിനായി മാത്രം മാറ്റിവയ്‌ക്കേണ്ടി വന്നതെന്ന് ട്രാഫിക് പൊലീസ് വിഭാഗം ജോയിന്റ് കമ്മീഷ്ണര്‍ അലോക് കുമാര്‍ പറഞ്ഞു. തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ തുടരെ വിവരങ്ങള്‍ പങ്കുവച്ചും ഇവര്‍ തിരക്ക് നിയന്ത്രിച്ചുകൊണ്ടിരുന്നു. ഇതിനിടെയാണ് വിവാഹങ്ങളുടെ കാര്യം പ്രതിപാദിച്ചും ട്രാഫിക് പൊലീസിന്റെ ട്വീറ്റ് വന്നത്. 

Scroll to load tweet…

ഇന്ന് ദില്ലിയില്‍ ധാരാളം വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടേക്കാം. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നായിരുന്നു ട്വീറ്റ്. 

വിവാഹമണ്ഡപങ്ങള്‍ ഏറെയുള്ള ഛത്തര്‍പൂര്‍, മെഹ്‌റോളി, എംജി റോഡ്, രജൗരി ഗാര്‍ഡന്‍, പഞ്ചാബി ഭാഗ്, ദ്വാരക ലിങ്ക് റോഡ്, അലിപൂര്‍, ലക്ഷ്മി നഗര്‍ എന്നിവിടങ്ങളിലെല്ലാം പൊലീസുമായി സഹകരിച്ചായിരുന്നു ട്രാഫിക് ഉദ്യോസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍. അതേസമയം പൊലീസ് എത്താത്ത പലയിടങ്ങളിലും കടുത്ത ഗതാഗതപ്രശ്‌നങ്ങള്‍ നേരിട്ടുവെന്ന് ഇതിനോടകം പരാതി ഉയര്‍ന്നിട്ടുണ്ട്.