ക്വറ്റയിലെ സർക്കാർ ആശുപത്രിയിലെ അടിയന്തര ചികിത്സാവിഭാഗത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. രാവിലെ വെടിയേറ്റു മരിച്ച ബലൂചിസ്ഥാൻ ബാർ അസോസിയേഷൻ പ്രഡിസന്റ് ബിലാൽ അൻവർ ഖാസിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചതിനു തൊട്ടുപിന്നാലെയാണ് സംഭവം.
അഭിഭാഷകരുടയേും മാധ്യമ പ്രവർത്തകരുടേയും വലിയൊരു സംഘം അതേസമയം ആശുപത്രിയിലുണ്ടായിരുന്നു. സ്ഫോടനത്തിനു തൊട്ടുപിന്നാലെ വെടിവയ്പുമുണ്ടായി. അഭിഭാഷകരാണ് മരിച്ചവരിലേറെയും. ആജ് ന്യൂസ് ചാനലിന്‍റെ ക്യാമറാമാനും മരിച്ചു.
നിരവധി മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 20ലേറെപ്പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ആണെന്ന ആരോപണവുമായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സനാഉളള സെഹ്റി രംഗത്തെത്തി. പ്രധാനമന്ത്രി നവാസ് ഷെരീഫ് സംഭവത്തെ അപലപിച്ചു.
മേഖലയിലെ സമധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് നവാസ് ഷെരീഫ് പറഞ്ഞു. ബലൂചിസ്ഥാൻ ബാർ അസോസിയേഷനിലെ പ്രസിഡന്റിനും മുൻ പ്രസിഡന്റിനുമെതിരെയാണ് രാവിലെ വെടിവയ്പുണ്ടായത്. തീവ്രവാദികളും സൈന്യവും തമ്മിൽ പതിവായി ആക്രമണങ്ങൾ നടക്കുന്ന മേഖലയാണിത്. ആശുപത്രിയിൽ വേണ്ടത്ര സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം, സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്തെങ്ങും അഭിഭാഷകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
