ബള്‍ഗേറിയയിലെ സ്വസ്താ ഡി എന്ന കമ്പനിയുടെ പേരിലാണ്  മൂന്നുമാസം മുമ്പ് കൊച്ചിയിലേക്ക് 55 കോടി രൂപ എത്തിയത്. എളമക്കര സ്വദേശി ജോസ് ജോര്‍ജിന് പണമെത്തിയത് ഹാര്‍ബറിലെ എസ് ബി ഐ യുടെ ഓവര്‍സീസ് ബ്രാഞ്ചിലാണ്. ഇതില്‍ 29.5 കോടി രൂപ  15 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചു. ഈ തുകയെത്തിയത്  ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്. പക്ഷേ  ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ ചില സംശയങ്ങളാണ് കളളപ്പണ ഇടപാടിന്റ സൂചന നല്‍കിയത്. 

പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ബാങ്ക് അധികൃതര്‍ ജോസ് ജോര്‍ജിനോട് ആവശ്യപ്പെട്ടു.  ട്രേഡ് ഇന്റര്‍നാഷണല്‍ എന്ന തന്റെ കന്പനി  ബള്‍ഗേറിയയിലേക്ക്  സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റുമതി ചെയ്തതിന്റെ പ്രതിഫലമെന്നായിരുന്നു ഇയാളുടെ മറുപടി. കയറ്റുമതി  രേഖകളും ഹാജരാക്കി. ഈ രേഖകള്‍  ബാങ്ക് അധികൃതര്‍ കൊച്ചി കസ്റ്റംസിന് നല്‍കി. പക്ഷേ ഇത്തരമൊരു കയറ്റിമതി നടന്നിട്ടേയില്ലെന്ന്  കസ്റ്റംസിന്റെ തുടര്‍ അന്വേഷണത്തില്‍ വ്യക്തമായി. 

ജോസ് ജോര്‍ജ് സമര്‍പ്പിച്ച കയറ്റുമതി രേഖകള്‍ വ്യാജമാണ്. അതായത് ഇല്ലാത്ത കയറ്റുമതിയുടെ പേരിലാണ് 55 കോടി രൂപ  ബള്‍ഗേറിയയില്‍ നിന്ന് കൊച്ചിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. കസ്റ്റംസ് അറിയിച്ചതോടെ എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം തുടങ്ങി. ഒടുവില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പരാതിയില്‍ ജോസ് ജോര്‍ജിനെ പ്രതിയാക്കി കൊച്ചി പൊലീസ് കേസെടുത്തു

ഇല്ലാത്ത കയറ്റുമതിയുടെ പേരില്‍ 55 കോടി രൂപ കൈമാറിയ ബള്‍ഗേറിയയിലെ സ്വസ്താ ഡി കമ്പനിക്ക് ഇപ്പോഴും പരാതിയില്ല. കേന്ദ്ര ഏജന്‍സികള്‍ ബന്ധപ്പെട്ടെങ്കിലും ഈ വിദേശ കമ്പനിക്ക് മിണ്ടാട്ടമില്ല. ഇതുതന്നെയാണ് കളളപ്പണ ഇടപാടെന്ന സംശയിത്തിലേക്ക് വഴിവെച്ചതും.