പഴയ കാലത്ത് സ്ത്രീകള്‍ സുരക്ഷിതരായിരുന്നു എന്നും പുതിയ കാലത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ആണെന്ന് പൊതുവേ അഭിപ്രയാപ്പെടാറുണ്ട്. എന്നാല്‍ സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ സമീപനത്തില്‍ അന്നും ഇന്നും വ്യത്യാസമില്ല. പക്ഷേ തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ശാരീരിക അതിക്രമങ്ങളോട് സ്ത്രീകള്‍ പ്രതികരിക്കുന്ന രീതിയില്‍ അന്നും ഇന്നും പ്രകടമായ വ്യത്യാസമുണ്ട്. സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമം വര്‍ദ്ധിക്കുന്നതല്ല, പഴയകാലത്ത് ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ പല കാരണങ്ങള്‍ കൊണ്ട് അവ മൂടി വച്ചിരുന്നു. എന്നാല്‍ ഇന്ന് ഭൂരിഭാഗം സ്ത്രീകളും അവ തുറന്ന് പറയുന്നു. രണ്ട് കാലഘട്ടങ്ങളിലും സ്ത്രീകള്‍ അതിക്രമങ്ങളോട് രണ്ട് രീതിയിലാണ് പ്രതികരിച്ചത്. ഇന്ന് സ്ത്രീകള്‍ അതിക്രമം തുറന്നു പറയുന്നു എന്നതിന്‍റെ അര്‍ത്ഥം പണ്ട് സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല. എല്ലാക്കാലത്തും സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു. 

പേടി കൊണ്ടോ, നാണക്കേട് കൊണ്ടോ തുറന്ന് പറയാന്‍ മടിച്ച ലൈംഗികാതിക്രമങ്ങള്‍ ഇന്ന് സ്ത്രീകള്‍ ഉറക്കെ പറയാന്‍ തുടങ്ങിയിരിക്കുകയാണ്. ലൈംഗികാതിക്രമത്തിലൂടെ തന്‍റെ മാനമല്ല ഭംഗിക്കപ്പെടുന്നത് എന്നും മറ്റൊരാളുടെ ശരീരത്തില്‍ അധികാരം പ്രയോഗിച്ച വ്യക്തിയുടെ മാനമാണ് അവിടെ ഇല്ലാതാകുന്നത് എന്നും പെണ്ണുങ്ങള്‍ പഠിച്ചിരിക്കുന്നു. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഫേസ്ബുക്കില്‍ കുറിക്കപ്പെട്ട 'മീ റ്റു'. വീടുകളില്‍, ബന്ധുക്കളുടെ ഇടയില്‍, കാമുകന്‍റെ അടുത്ത് നിന്ന്, അച്ഛന്‍റെ അടുത്ത് നിന്ന്, പ്രിയപ്പെട്ടവര്‍ എന്ന് തങ്ങള്‍ വിചാരിച്ച പലരുടെയും ഇടയില്‍ നിന്ന് മുറിവേറ്റവര്‍ തങ്ങളുടെ ഫേസ്ബുക്കിന്‍റെ ചുവരില്‍ കുറിച്ചു 'മീ റ്റു'. തങ്ങള്‍ക്ക് നേരിട്ട അതിക്രമങ്ങളെ കുറിച്ചാണ് 'മീ റ്റു' വിലൂടെ ഭൂരിഭാഗം ആള്‍ക്കാരും ഈ ലോകത്തെ വിളിച്ചറിയിച്ചത്. എന്നാല്‍ അതിക്രമം നേരിട്ട സ്ത്രീകള്‍ക്ക് ഒഴികെ ബാക്കി എല്ലാവര്‍ക്കും അയാള്‍ ലിംഗം മാത്രം ഉള്ള വെറും ഒരു അജ്ഞാതന്‍. 

എന്നാല്‍ മീ റ്റുവില്‍ നിന്ന് ഒരു പടി കൂടി മുന്നോട്ട് കടന്നിരിക്കുകയാണ് റയ സര്‍ക്കാര്‍ എന്ന അഭിഭാഷകയായ വിദേശ ഇന്ത്യാക്കാരി. തങ്ങള്‍ക്ക് ഏറ്റ മുറിവിനും, പേടിക്കും കാരണക്കാരായവരുടെ പേരുകള്‍ വെളിപ്പെടുത്താനാണ് റയയുടെ ആഹ്വാനം. പ്രധാന സര്‍വ്വകലാശാലകളിലെ അദ്ധ്യാപകരില്‍ നിന്ന് പീഡനം ഏറ്റ വിദ്യാര്‍ത്ഥികളോട് അദ്ധ്യാപകരുടെ പേര് വ്യക്തമാക്കാന്‍ ഫേസ്ബുക്കിലൂടെ പറയുകയാണ് റയ. ഒക്ടോബര്‍ 24 ന് രാവിലെ 12.25 നാണ് റയ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. രാത്രി 10.26 ആയപ്പോഴേക്കും പ്രമുഖ സര്‍വ്വകലാശാലകളിലെ 58 പ്രൊഫസര്‍മാരുടെ പേരുകളാണ് ലിസ്റ്റില്‍ വന്നത്. ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 12 ഉം ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒന്‍പതും, സത്യജിത് റേ, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില് നിന്ന് മൂന്നും ജെഎന്‍യുവില്‍ നിന്ന് രണ്ടും സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സില്‍ നിന്ന് ഒരാളുടെ പേരുമാണ് ഇക്കുട്ടത്തിലുള്ളത്. 

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, സെന്‍റ്. സേവ്യേര്‍സ് കോളേജ് കൊല്‍ക്കത്ത, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ന്ത ക്രൂസ്, അംബ്ദേക്കര്‍ യൂണിവേഴ്സിറ്റി ഡല്‍ഹി, ഇഫ്ളു, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ ക്യാംപസുകളിലെ പ്രൊഫസര്‍മാരാണ് ബാക്കി 31 പേരും. തന്‍റെ പോസ്റ്റിന് താഴെ റയ ഇങ്ങനെ എഴുതിയിട്ടുണ്ട്. അദ്ധ്യാപകരുടെ പേര് വെളിപ്പെടുത്തിയവരില്‍ ഭൂരിഭാഗത്തിനും ഇവരില്‍ നിന്ന് വ്യക്തിപരമായി ദുരനുഭവം നേരിട്ടിട്ടില്ല. എന്നാല്‍ ഈ പ്രൊഫസര്‍മാരില്‍ നിന്ന് ദുരനുഭവം നേരിട്ട പലരും തങ്ങളുടെ സ്വതം വെളിപ്പെടുത്താന്‍ പേടിക്കുന്നു. കാരണം ഇരകള്‍ക്ക് നേരെ വീണ്ടും കയ്യൂക്ക് പ്രകടിപ്പിക്കുന്നവരാണ് എല്ലായിപ്പോഴും പീഡകര്‍. അതുകൊണ്ട് തന്നെ സുഹൃത്തുക്കള്‍ വഴി തങ്ങളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കിയവരെ പുറം ലോകത്തിന് മുമ്പില്‍ അറിയിക്കുകയാണ് ഇവര്‍.

സെന്‍റര്‍ ഫോര്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറായ കരോള്‍ ക്രിസ്റ്റൈന്‍ ഒക്ടോബര്‍ 19 ന് പോസ്റ്റ് ചെയ്ത ആര്‍ട്ടിക്കിളില്‍ തന്‍റെ ചെറുപ്പം മുതല്‍ തന്നെ ദുരുപയോഗിച്ചവരെ കുറിച്ച് പറയുന്നുണ്ട്. പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രൊഫസര്‍മാരുടെ പേര് പറയുകയും ചെയ്തിട്ടുണ്ട് അവര്‍. ഇതിനോട് സമാനമായ ഫേസ് ബുക്ക് പോസ്റ്റാണ് റയയും പുറത്ത് വിട്ടത്. എന്നാല്‍ പല മുഖ്യധാരാ ഫെമിനിസ്റ്റുകളും റയയുടെ ഈ ഉദ്യമത്തെ എതിര്‍ക്കുകയാണ്. കഫില എന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് കവിതാ കൃഷ്ണന്‍, നിവേദിത മേനോന്‍ തുടങ്ങിയവര്‍ അടക്കം തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചത്. വ്യക്തമായ വിവരങ്ങള്‍ തരാതെ പുരുഷന്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍ ചേര്‍ക്കുകയാണെന്നും ആരെ വേണമെങ്കിലും ലിസ്റ്റില്‍ പെടുത്താവുന്ന സാഹചര്യം തങ്ങളെ ഭയപ്പെടുത്തുന്നതായും ഇവര്‍ ഓണ്‍ലൈനിലൂടെ പറയുന്നു. എന്നാല്‍ റയയുടെ ഫേസ്ബുക്ക് പോസ്റ്റ് 'മീ റ്റു' വിനു ശേഷമുള്ള ശക്തമായ മറ്റൊരു തുറന്ന് പറച്ചിലിന്‍റെ വേദിയായി മാറിക്കൊണ്ടിരിക്കുകയാണ്.