ദില്ലി: ലോക്സഭ നടപടികൾ അലങ്കോലപ്പെടുത്തിയതിനു ആറ് കോണ്‍ഗ്രസ് എംപിമാർക്ക് സസ്പെൻഷൻ. കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ഗൗരവ് ഗോഗോയ്, ആദിർ രാജൻ ചൗധരി, രഞ്ജിത് രഞ്ജൻ, സുഷ്മിത ദേവ് എന്നിവരെയാണ് സ്പീക്കർ അഞ്ച് ദിവസത്തേക്ക് സസ്പെൻഡു ചെയ്തത്. ഗോരക്ഷയുടെ പേരിൽ ദളിതർക്കു നേരെയുണ്ടാകുന്ന അക്രമങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ അടിയന്തര പ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിച്ചു. ചോദ്യോത്തരവേളയ്ക്കു ശേഷം വിഷയം ചർച്ച ചെയ്യാമെന്നു സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി ബഹളം വയ്ക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് എംപിമാർ പേപ്പറുകൾ സ്പീക്കറുടെ ഡയസിലേക്ക് എറിഞ്ഞിരുന്നു. 

പ്രതിഷേധങ്ങൾ ശക്തമായതോടെ സ്പീക്കർ സഭ നടപടികൾ നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോഴാണ് എംപിമാർക്കെതിരെ സ്പീക്കർ നടപടി സ്വീകരിച്ചത്.