അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ പരസ്‍പരം പോര്‍വിളി നടത്തുമ്പോള്‍, മൂന്നാം ലോകമഹായുദ്ധമുണ്ടാകുമോയെന്ന ഭീതിയിലാണ് ലോകം. തുടര്‍ച്ചയായി പുതിയ മിസൈലുകള്‍ പരീക്ഷിച്ചും, സൈനികവിന്യാസം ശക്തമാക്കിയും ഇരുരാജ്യങ്ങളും യുദ്ധത്തിന് സജ്ജരാണെന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇങ്ങനെയൊരു യുദ്ധം പൊട്ടിപുറപ്പെട്ടാല്‍ അത് മൂന്നാം ലോകമഹായുദ്ധമായി പര്യവസാനിച്ചേക്കാം. അമേരിക്കയും കൊറിയയും തമ്മില്‍ യുദ്ധമുണ്ടായാല്‍ എന്ത് സംഭവിക്കും? നമുക്ക് നോക്കാം...

1, അഭയാര്‍ത്ഥി പ്രവാഹം..

യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടത് ഇരു കൊറിയകളിലെയും ജനങ്ങളാകും. ഏകദേശം ഏഴര കോടിയോളം ജനങ്ങള്‍ ഇരു കൊറിയകളില്‍നിന്നും അഭയാര്‍ത്ഥികളായി ചൈനയിലേക്കും ജപ്പാനിലേക്കും പോകേണ്ടിവരും. ഉത്തരകൊറിയക്കാര്‍ ചൈനയിലേക്കും ദക്ഷിണകൊറിയക്കാര്‍ ജപ്പാനിലേക്കും പോകുമെന്നാണ് കരുതപ്പെടുന്നത്. നൂറു കണക്കിന് പുതിയ മിസൈലുകളും ബോംബുകളും പ്രയോഗിക്കപ്പെടുന്നതോടെ ലക്ഷകണക്കിന് ആളുകള്‍ മരണപ്പെടുകയും ചെയ്യും. 

2, ആണവായുധം പ്രയോഗിക്കപ്പെട്ടാല്‍..

ആണവായുധം പ്രയോഗിക്കപ്പെട്ടാല്‍, ലക്ഷകണക്കിന് കൊറിയക്കാര്‍ മരണപ്പെട്ടേക്കാം. കൂടാതെ ഏക്കര്‍ കണക്കിന് സ്ഥലങ്ങളും നൂറുകണക്കിന് കെട്ടിടങ്ങളും നശിപ്പിക്കപ്പെടും. നാശത്തിന്റെ ആഘാതം ജപ്പാനിലേക്കും വ്യാപിക്കും. 

3, ഉത്തര കൊറിയന്‍ പ്രതിരോധം ആള്‍ബലം..

യുദ്ധമുണ്ടായാല്‍ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ആള്‍സൈനികബലമുള്ള ഉത്തരകൊറിയ ഒന്നിക്കും. 12 ലക്ഷത്തോളം സൈനികരും അറുപത് ലക്ഷത്തോളം റിസര്‍വ്വ് സൈനികരും പാരാമിലിട്ടറി സേനയും ചേര്‍ന്നതാണ് ഉത്തരകൊറിയ സേന. ഇത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സേനാവിഭാഗങ്ങളിലൊന്നാണ്. ഉത്തരകൊറിയന്‍ സൈന്യം സജ്ജമാകുന്നതിനൊപ്പം ദക്ഷിണകൊറിയ, ചൈന എന്നിവിടങ്ങളിലെ വമ്പന്‍ സേനാ വിഭാഗവും യുദ്ധത്തിന് തയ്യാറെടുക്കും. ഇത് ലോകത്തെ തന്നെ ഏറ്റവും വലിയ ആള്‍ബലമുള്ള സൈനികവിന്യാസമായി കൊറിയന്‍ മേഖലയെ പ്രക്ഷുബ്ധമാക്കും. 

4, ദക്ഷിണകൊറിയയെ മുന്‍നിര്‍ത്തി അമേരിക്കന്‍ പടപുറപ്പാട്..

ദക്ഷിണകൊറിയയെ മുന്‍നിര്‍ത്തി പാശ്ചാത്യശക്തികളെ അണിനിരത്തിയാകും അമേരിക്ക, ഉത്തരകൊറിയയ്ക്കെതിരെ പടപുറപ്പാട് നടത്തുക. ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ കൂടി ഈ സഖ്യത്തിനൊപ്പം ചേരും. 

5, യുദ്ധത്തിന്റെ സ്വഭാവം..

ആള്‍ബലം കോമ്പുകോര്‍ത്തുകൊണ്ടാണ് യുദ്ധം തുടങ്ങുന്നതെങ്കിലും വൈകാതെ മിസൈല്‍ പ്രയോഗവും ബോംബിടലുമായി അത് പരിണമിക്കും. ഒടുവില്‍ ആണവായുധപ്രയോഗത്തില്‍ എത്തിച്ചേരുമെന്നാണ് ഏവരും ഭയക്കുന്നത്. 

6, ഉത്തരകൊറിയയുടെ ആണവശേഖരം..

യുദ്ധത്തില്‍ അമേരിക്കയെ ഭയപ്പെടുത്തുന്നത് ഉത്തരകൊറിയയുടെ ആണവായുധശേഖരമാണ്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ആണവപരീക്ഷണങ്ങളുമായി ഉത്തരകൊറിയ മുന്നോട്ടുപോകുന്നത്. എന്നാല്‍ അവരുടെ ആണവായുധശേഖരത്തെക്കുറിച്ച് ലോകത്ത് ആര്‍ക്കും കൃത്യമായ വിവരങ്ങളില്ല. വലിയ നാശോന്മുഖവും ഏത്ര ദൂരത്തേക്കും പ്രയോഗിക്കാവുന്ന ആയുധങ്ങള്‍ കൊറിയയുടെ കൈവശമുണ്ടെന്നാണ് സൂചന. യുദ്ധത്തില്‍ തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ ഉത്തര കൊറിയ ആണവായുധം പ്രയോഗിച്ചേക്കാം.