ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ മുഗ ബഗീച എന്ന സ്ഥലത്താണ് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് അം​ഗങ്ങളാണ് ആത്മഹത്യ ചെയ്തത്

റാഞ്ചി: രാജ്യത്തെ ഞെട്ടിച്ച ബുരാരി കൂട്ട ആത്മഹത്യയ്ക്ക് പിന്നാലെ ദുരൂഹതയുയർത്തി മറ്റൊരു കൂട്ട ആത്മഹത്യ കൂടി. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ മുഗ ബഗീച എന്ന സ്ഥലത്താണ് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് അം​ഗങ്ങളാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ചയാണ് സംഭവം.

നരേഷ് മഹേശ്വരിയെയും കുടുംബാം​ഗങ്ങളെയുമാണ് വീട്ടിലെ പലഭാ​ഗങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. നരേഷ് അപ്പാർമെന്‍റില്‍ നിന്നും താഴേക്ക് ചാടി മരിച്ച നിലയിലാണ് കാണപ്പെട്ടത്. നരേഷിന്‍റെ മാതാപിതാക്കളും ഭാര്യയും ഫാനിൽകെട്ടി തൂങ്ങിമരിച്ച നിലയിലും രണ്ട് കുട്ടികളുടെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. മക്കളുടെ കഴുത്തറുത്തതിന് ശേഷമാണ് ബാക്കിയുള്ളവർ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. 

സംഭവം നടന്ന വീട്ടിൽനിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. 50 ലക്ഷം രൂപയുടെ കടബാധ്യതയാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽനിന്നും കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്നും ഫോറൻസിക് വിദ​ഗ്ധർ വിവരങ്ങൾ ശേഖരിച്ചു. സംഭവം കൊലപാതകമാണോ എന്നനിലയിലും അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.