രണ്ടുമണിക്കൂറില്‍ അധികം ട്രെയിന്‍ നിര്‍ത്തിയിട്ടത് മകളുടെ അവസ്ഥ വഷളാക്കിയതായി മാതാപിതാക്കള്‍

അലഹബാദ്: തിങ്ങിനിറഞ്ഞ ട്രെയിനില്‍ അമിതമായ ചൂട് സഹിക്കാന്‍ വയ്യാതെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് സംഭവം. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രഹ്മപുത്ര എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ മാതാപിതാക്കളുടെ കൂടെയായിരുന്നു കുട്ടി. തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തെ തുടര്‍ന്ന് അമിതമായ ചൂട് സഹിക്കാന്‍ കഴിയാത്തതാണ് മരണ കാരണമെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അലഹബാദില്‍ രണ്ടുമണിക്കൂറില്‍ അധികമായി ട്രെയിന്‍ നിര്‍ത്തിയിട്ടത് മകളുടെ അവസ്ഥ വഷളാക്കിയതായും മാതാപിതാക്കള്‍ ആരോപിക്കുന്നു. മെഡിക്കല്‍ സഹായം മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ടിടിആര്‍ അടക്കം ആരും സഹായിച്ചില്ലെന്നാണ് സഹയാത്രികരുടെ ആരോപണം. എന്നാല്‍ പിന്നീട് ബഹളം വച്ചതിനെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നെന്നും സഹയാത്രികര്‍ ആരോപിക്കുന്നു.