റിയാദ്: ഇഖാമയുടെ കാലാവധി തീര്‍ന്നാലും ഫൈനല്‍ എക്സിറ്റ് ലഭിച്ച് രണ്ട് മാസംവരെ വിദേശികള്‍ക്ക് സൗദിയില്‍ കഴിയാമെന്ന് പാസ്പോര്‍ട്ട്‌ വിഭാഗം. ഫൈനല്‍ എക്സിറ്റ് ലഭിച്ച് രണ്ട് മാസത്തിനകം വിദേശികള്‍ രാജ്യം വിട്ടാല്‍ മതിയെന്നാണ് നിയമം. എന്നാല്‍ ഈ രണ്ട് മാസത്തിനകം താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞാല്‍ അത് നിയമലംഘനമാകുമോ എന്ന സംശയത്തിനാണ് സൗദി പാസ്പോര്‍ട്ട്‌ വിഭാഗം മറുപടി നല്‍കിയിരിക്കുന്നത്. 

ഇഖാമയുടെ കാലാവധി തീര്‍ന്നാലും ഫൈനല്‍ എക്സിറ്റ് അടിച്ച് രണ്ട് മാസം വരെ സൗദിയില്‍ കഴിയാമെന്ന് പാസ്പോര്‍ട്ട്‌ വിഭാഗം വിശദീകരിച്ചു. എക്സിറ്റ് ലഭിച്ചു അറുപത് ദിവസത്തില്‍ കൂടുതല്‍ സൗദിയില്‍ കഴിഞ്ഞാല്‍ അത് നിയമലംഘനമാകും. അതിനിടെ പൊതുമാപ്പിനു ശേഷം മൂന്നു ദിവസത്തെ റെയ്ഡില്‍ കാല്‍ ലക്ഷത്തോളം നിയമലംഘകര്‍ പിടിയിലായതായി സൗദി പ്രസ്‌ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതില്‍ 15,702 പേര്‍ ഇഖാമ നിയമലംഘകരും, 3883 പേര്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയവരും, 4353  പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. മക്കാ പ്രവിശ്യയില്‍ നിന്നാണ് നാല്‍പ്പത്തിരണ്ട് ശതമാനവും പിടിയിലായത്. റിയാദില്‍ നിന്ന് പത്തൊമ്പത് ശതമാനവും അസീറില്‍ നിന്ന് പതിനൊന്ന് ശതമാനവും ജിസാനില്‍ നിന്ന് ആറു ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അഞ്ച് ശതമാനവും നിയമലംഘകര്‍ പിടിയിലായി. 

നിയമലംഘകരായ വിദേശികള്‍ക്ക് അഭയം നല്‍കുകയോ യാത്രാ സഹായം ചെയ്യുകയോ ചെയ്ത 25 സൗദികളും മൂന്നു ദിവസത്തിനിടയില്‍ പിടിയിലായി. അതേസമയം ഇഖാമ പുതുക്കാന്‍ മൂന്നു ദിവസം വൈകിയാല്‍ ആദ്യത്തെ തവണ അഞ്ഞൂറ് റിയാലും രണ്ടാമത്തെ തവണ ആയിരം റിയാലും പിഴ ഈടാക്കുമെന്ന് പാസ്പോര്‍ട്ട്‌ വിഭാഗം അറിയിച്ചു. 

എക്സിറ്റ് റീ എന്‍ട്രി, ഫൈനല്‍ എക്സിറ്റ് എന്നിവ കാലാവധിക്കുള്ളില്‍ പുതുക്കുന്നതിനും റദ്ദാക്കുന്നതിനും പിഴ ഈടാക്കില്ല. കാലാവധിക്ക് ശേഷമാണെങ്കില്‍ ആയിരം റിയാല്‍ പിഴ ഈടാക്കും. രണ്ടാമത്തെ തവണ രണ്ടായിരവും മൂന്നാമത്തെ തവണ മുവ്വായിരം റിയാലും പിഴ ഈടാക്കും. .