നാല് വര്‍ഷം മുന്‍പ് 147 കോടി രൂപ ലാഭമുണ്ടായിരുന്ന കെ എം എം എല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ബാധ്യതാ പട്ടികയിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. കൃത്യമായി പറഞ്ഞാല്‍ 39 കോടി രൂപയുടെ നഷ്ടമാണ് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്കുള്ളത്. ഫണ്ട് വകമാറ്റല്‍, കരാറിലെ കള്ളക്കളികള്‍ അങ്ങനെ കഴിഞ്ഞ അഞ്ച് വര്‍ഷം നിരവധി ആരോപണങ്ങള്‍ കെഎംഎംഎല്‍ അധികൃതര്‍ക്ക് നേരെ ഉയര്‍ന്നു. ചവറ കെഎംഎംല്ലിലെ 600 കോടിയിലധികം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കാട്ടി കമ്പനിയിലെ അക്കൗണ്ടന്റായിരുന്ന എം രവീന്ദ്രന്‍ കഴിഞ്ഞ മാസമാണ് വിജിലന്‍സിനെ സമീപിച്ചത്. 2011 മുതല്‍ 2016 വരെ കെഎംഎംഎല്ലില്‍ നടന്നിട്ടുള്ള പിഗ്മെന്റ വില്‍പ്പനയിലുള്ള ക്രമക്കേട്, ലാപ്പയുടെ പേരില്‍ വ്യാജ രേഖകള്‍ ചമക്കല്‍. അനധികൃത നിയമനങ്ങള്‍ തുടങ്ങിയതിലൊക്ക വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സി ആന്റ് എ ജി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വിജിലന്‍സ് അന്വേഷണം. നേരത്തെ വിജിലന്‍സിന്റെ ത്വരിതപരിശോധനയും പൂര്‍ത്തിയായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിന്റെ നിര്‍ദേശാനുസരം കൊല്ലം യൂണിറ്റാകും കേസ് അന്വേഷിക്കുക.