ഹൈദരാബാദ്: ഹൈദരാബാദിലെ സൈബര്‍ കഫേകളില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ട 65 ഓളം കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്റര്‍നെറ്റ് കഫേകളില്‍ മക്കള്‍ ദീര്‍ഘനേരം ചെലവിടുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. പൊലീസ് കസ്റ്റഡിയിലെടുത്ത കൗമാരക്കാരെല്ലാം ആണ്‍കുട്ടികളാണ്. ചിലരുടെ പ്രായം പതിനൊന്ന് വയസ്സും.

മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ കൗണ്‍സലിങ്ങ് നല്‍കിയാണ് കുട്ടികളെ പൊലീസ് വിട്ടയച്ചത്. ഹൈദരാബാദിലെ പൊലീസ് കെട്ടിടത്തിലാണ് കൗണ്‍സലിങ്. സ്‌കൂളിലേക്കുള്ള ഹോംവര്‍ക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് ആവശ്യമാണെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് കൗമാരക്കാര്‍ കഫേകളില്‍ പോയിരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

പഠന ആവശ്യത്തിനായി ഇന്റര്‍നെറ്റില്‍ നിന്നും ചില കാര്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് മകന്‍ തന്റെ കയ്യില്‍ നിന്നും പണം വാങ്ങാറുള്ളതെന്ന് ഹൈദരാബാദിലെ വീട്ടമ്മ സല്‍മ സുല്‍ത്താന പറയുന്നു. കഫേകളില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. കഫേയില്‍ പോയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകന്‍ എത്താറുള്ളതെന്നും സുല്‍ത്താന പറഞ്ഞു.

സുല്‍ത്താന അടക്കമുള്ള നിരവധി മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നഗരത്തിലെ നൂറോളം ഇന്റര്‍നെറ്റ് കഫേകളില്‍ ആയിരുന്നു പൊലീസ് റെയ്ഡ്. അഡള്‍ട്ട് ഓണ്‍ലി സൈറ്റുകള്‍ ബ്രൗസ് ചെയ്യുന്ന കുട്ടികളെയാണ് കഫേകളില്‍ എത്തിയപ്പോള്‍ പൊലീസിന് കാണാനായത്. ഇന്റര്‍നെറ്റ് കഫേ ഉടമകള്‍ക്കെതിരെ 30 ഓളം കേസുകള്‍ പൊലീസെടുത്തു.