കോഴിക്കോട്​: വീട്ടില്‍ അതിക്രമിച്ച് കയറി ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരിയാക്കിയ കേസില്‍ പ്രതിക്ക് മൂന്ന് കൊല്ലം തടവും 20,000 രൂപ പിഴയും. കൂത്താളി കണയം കണ്ടി കേളുനമ്പ്യാരെയാണ് (67) പോസ്ക്കോ നിയമപ്രകാരം കോഴിക്കോട്ടെ പ്രത്യേക കോടതി ജഡ്ജി പി.സുഭദ്രാമ്മ ശിക്ഷിച്ചത്.

2015 ഫെബ്രുവരിയിലാണ് സംഭവം. സ്കൂള്‍ വിട്ടെത്തിയതായിരുന്നു ആണ്‍കുട്ടി. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന് പുറകില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീ വന്നതോടെ പ്രതി രക്ഷപെടുകയായിരുന്നു.

പിഴയായി അടയ്ക്കേണ്ട 20,000 രൂപ കുട്ടിക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്​തരിക്കുകയും ഒമ്പത്​ രേഖകൾ ഹാജരാക്കുകയും ചെയ്തു. സെ്​ഷ്യൽ പ്രോസിക്യൂട്ടർ ഷിബു ജോർജാണ്​ പ്രോസിക്യൂഷന്​ വേണ്ടി ഹാജരായത്.