രാവിലെ 9.45ന് പാക് സേന ആദ്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഒരു ബി.എസ്.എഫ് സൈനികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും വെടിവെപ്പ് തുടങ്ങിയതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ജമ്മു റീജ്യണില്‍ പലയിടത്തും ഇന്ന് പാക് സേന മോട്ടാര്‍ ആക്രമണവും നടത്തി. ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയിലാണ് ഏഴ് പാക് സൈനികര്‍ക്ക് പരിക്കേറ്റത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അടിയന്തിര യോഗം വിളിച്ചു.