തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്തെ ഏഴു വയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല. കഴിഞ്ഞ ദിവസമാണ് വീടിന് പുറകിലുള്ള കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോത്തന്‍കോട് പൊലീസ് കേസെടുത്തു. കാട്ടായിക്കോണം സ്വദേശികളായ സജു-മഹേശ്വരി ദമ്പതികളുടെ ഇളയകുട്ടി കാവ്യയെയാണ് വീടിന് പുറകിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ,വൈകുന്നേരം വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ കാണാതായി. തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് കുളിമുറിയിലെ പൈപ്പിനു മുകളിലായി കെട്ടിയ തോര്‍ത്തില്‍ കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ഫൊറന്‍സിക് വിദഗ്ദരെത്തി വീടും പരിസരവും പരിശോധിച്ചു.അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്. പോത്തന്‍കോട് മേരിമാതാ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച കാവ്യ.