മുസാഫര്‍നഗര്‍: ബാത്ത് റൂമില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് സ്വകാര്യ സ്‌കൂളിന്‍റെ ഹോസ്റ്റലില്‍ 70 പെണ്‍കുട്ടികളുടെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചു. യു.പിയിലെ മുസാഫര്‍നഗറിലെ കസ്തൂര്‍ബ ഗാന്ധി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. ബാത്ത് റൂമില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് ഹോസ്റ്റലിലെ വനിതാ വാര്‍ഡനാണ് പെണ്‍കുട്ടികളുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയത്. ആര്‍ത്തവം ആര്‍ക്കാണെന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു പരിശോധന. പെണ്‍കുട്ടികളെ ക്ലാസ് മുറിയില്‍ നഗ്നരായി ഇരുത്തിയെന്നും ആരോപണമുണ്ട്. 

സംഭവത്തില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. വസ്ത്രമുരിയാന്‍ വിസമ്മതിച്ചാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജില്ലാ വിദ്യാഭ്യാ ഓഫീസര്‍ ചന്ദ്രകേശ് യാദവിനാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹോസ്റ്റലിന്റെ താഴത്തെ നിലയിലേക്ക് വിളിച്ചു വരുത്തി വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ആരോപണവിധേയയായ വാര്‍ഡന്‍ വിദ്യാര്‍ത്ഥികളെ പതിവായി മര്‍ദ്ദിക്കുകയും ബ്ലാക്ക് മെയ്ല്‍ ചെയ്യുകയും ചെയ്തിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയമിച്ചതായി ജില്ലാ വിദ്യാഭ്യാ ഓഫീസര്‍ ചന്ദ്രകേശ് യാദവ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.