എഴുപതാം വയസില്‍ ജോലിയന്വേഷിച്ച് വീണ്ടും യു.എ.ഇയില്‍ എത്തിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി. 40 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ നാട്ടില്‍ ചേക്കേറിയെങ്കിലും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതായതിനെ തുടര്‍ന്നാണ് ഇദ്ദേഹം ജോലി അന്വേഷിച്ച് വീണ്ടും ഗള്‍ഫില്‍ എത്തിയിരിക്കുന്നത്.
കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞി യു.എ.ഇയില്‍ ആദ്യമെത്തുന്നത് 1974 ലാണ്. ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ട് രണ്ട് സഹോദരിമാരെയും കല്യാണം കഴിച്ചയച്ചു. അവര്‍ക്ക് വീട് ഉണ്ടാക്കി നല്‍കി. പക്ഷേ ഈ ഓട്ടത്തിനിടയ്‌ക്ക് തനിക്ക് വേണ്ടി ജീവിക്കാന്‍ അദ്ദേഹം മറന്ന് പോയിരുന്നു. ഒരു ചെറിയ വീടോ സ്ഥലമോ മുഹമ്മദ് കുഞ്ഞിക്ക് സ്വന്തമായില്ല. ഇപ്പോള്‍ 70 വയസ് കഴിഞ്ഞിരിക്കുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയെങ്കിലും ജീവിക്കാന്‍ ഗതിയില്ലാതായതോടെ എന്തെങ്കിലുമൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ വീണ്ടും യു.എ.ഇയില്‍ എത്തിയിരിക്കുകയാണ് ഇദ്ദേഹം. എന്നാല്‍ അജ്മാനിലേക്കുള്ള അദ്ദേഹത്തിന്‍റെ വരവ് ദുരിതക്കയത്തിലേക്കാണ് തള്ളിവിട്ടത്. ജോലി കിട്ടിയിട്ടില്ല എന്ന് മാത്രമല്ല പട്ടിണി കിടക്കേണ്ടിയും വന്നു അദ്ദേഹത്തിനും ഭാര്യയ്ക്കും. വെറും ഖുബ്ബൂസും ഈത്തപ്പഴവും മാത്രം കഴിച്ച് ദിനങ്ങള്‍ തള്ളിനീക്കേണ്ടി വന്നു.
താമസിക്കുന്ന വാടക നല്‍കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ താമസ സ്ഥലത്തെ വൈദ്യുതി ബന്ധവും കൂടി വിഛേദിച്ചതോടെ ഇവര്‍ ഇരുട്ടിലായി. ഒരു മാസക്കാലമാണ് ഇങ്ങനെ ഈ വൃദ്ധ ദമ്പതികള്‍ ഇരുട്ടില്‍ കഴിഞ്ഞത്. ഇപ്പോള്‍ ഐ.സി.എഫ് സന്നദ്ധ പ്രവര്‍ത്തകരാണ് ഇവര്‍ക്ക് വേണ്ട സഹായം നല്‍കുന്നത്.
ഈ ദമ്പതികള്‍ക്ക് മക്കളില്ല. വയസുകാലത്ത് യു.എ.ഇയില്‍ നിന്നുകൊണ്ട് ഒരു ജോലിക്ക് സാധ്യമല്ലെന്ന് മുഹമ്മദ് കുഞ്ഞിയെ ഇവര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നാട്ടിലേക്ക് ദമ്പതികളെ അയക്കാനാണ് ഐ.സി.എഫ് പ്രവര്‍ത്തകരുടെ തീരുമാനം.
