കൊച്ചി: ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായ 185 മത്സ്യത്തൊഴിലാളികള്‍ കൂടി തീരത്തെത്തി. ലക്ഷദ്വീപില്‍ നിന്ന് ഏഴ് ബോട്ടുകളിലായാണ് ഇവരെ കൊച്ചിയിലെത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരും ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപില്‍ അഭയം തമിഴ്‌നാട് സ്വദേശികളാണ്. തിരിച്ചെത്തിയവരില്‍ 26 മലയാളികളും ഉള്‍പ്പെടുന്നു. ഇതില്‍ അവശരായ ഒന്‍പതുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കിയതിന് ശേഷം തമിഴ്‌നാട്ടിലേയ്ക്ക് മടങ്ങാനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

അതേസമയം, ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായി തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. മല്‍സ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനാ കപ്പലും വ്യോമസേനാ വിമാനവും തിരച്ചിലിന് പുറപ്പെട്ടു. ചുഴലിക്കാറ്റില്‍ പെട്ട് മടങ്ങിയെത്താത്തവര്‍ക്കായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഇന്ന് പ്രാര്‍ത്ഥനാ ദിനം ആചരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ഇനിയും തീരമണയാത്തവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ലത്തീന്‍ ദേവാലയങ്ങളില്‍ നടന്നു. ദുരന്തനിവാരണസംവിധാനങ്ങള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പള്ളികളില്‍ വായിച്ച ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ സന്ദേശത്തില്‍ വിമര്‍ശിച്ചു.

ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 40 ആയി. ഇതില്‍ 32 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇനി എട്ടു മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. അതേസമയം, തിരച്ചിലിന് അയല്‍രാജ്യങ്ങളുടെ സഹായം തേടുന്നതുള്‍പ്പെടെ, ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.