മംഗലാപുരം: മംഗലാപുരം കുന്ദാപുരത്ത് ത്രാസിയില്‍ സ്‌കൂള്‍ വാനില്‍ സ്വകാര്യ ബസിടിച്ച് എട്ട് കുട്ടികള്‍ മരിച്ചു. വാന്‍ ഡ്രൈവര്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ ഗുരുതര പരിക്കുകളോടെ മണിപ്പാല്‍ കസ്തൂര്‍ബ, കുന്ദാപുരം ചിന്മയ ആശുപത്രി എന്നിവടങ്ങളിലായി ചികിത്സയിലാണ്. ഇന്ന് രാവിലെ ഒന്‍പതരയ്ക്കാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാനിലേയ്ക്ക് ബസ് വന്നിടിക്കുകയായിരുന്നു. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അഞ്ച് പേര്‍ ആശുപത്രിയിലേയ്ക്ക് പോകും വഴിയാണ് മരിച്ചത്. കുന്ദാപുരം ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലായി പഠിക്കുന്ന വിദ്യാര്‍ത്ഥികളാണിവര്‍. മരിച്ച എട്ട് പേരില്‍ ആറ് പേര്‍ പെണ്‍കുട്ടികളാണ്. മഴ കാരണം ബസ് ഡ്രൈവര്‍ക്ക് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.