വീടുകയറി ആക്രമണം: വൃദ്ധ ദമ്പതികൾക്കും മകനും വെട്ടേറ്റു

കോതമംഗലം: ഊന്നുകല്ലിൽ വീടുകയറി ആക്രമണം. വൃദ്ധ ദമ്പതികൾക്കും മകനും വെട്ടേറ്റു. അയല്‍വാസികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലത്തിനടുത്ത് ഊന്നുകൽ, പുളിഞ്ചോട്ടിൽ പൗലോസ്, ഭാര്യ ഏലമ്മ , മകൻ ജയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ നാലു മണിയോടെ കതകിൽ മുട്ടി വിളിക്കുന്നത് കേട്ട് തുറന്നപ്പോഴായിരുന്നു ആക്രമണം. 

സമീപവാസിയും ഭാര്യയും മകനും മറ്റ് മൂന്ന് പേരും കൂടി ചേർന്ന്‌ വാക്കത്തിയും ഇരുന്പു വടികളും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. 85കാരനായ പൗലോസിന് ചെവിക്കും കൈയ്ക്കും ഭാര്യ ഏലമ്മക്ക് തലക്കുമാണ് പരിക്ക്. മകൻ ജയിംസിന് തലക്ക് അടിയേറ്റു. മൂവരേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അയല്‍ വാസികളുമായി തമ്മിൽ അതിർത്തിതർക്കം നിലനിന്നിരുന്നു. കോടതി നിർദ്ദേശ പ്രകാരം അതിർത്തി തിരിക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ അതിര്‍ത്തി വേലി തകര്‍ത്തു. ഊന്നുകല്‍ പൊലീസ് കേസെടുത്തു. ആക്രമണത്തിന് ഇരയായവരുടെ മൊഴി പ്രകാരം അയല്‍ വാസികളായ കളരിക്കല്‍ ബേബി, ഭാര്യ മകന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.