തിരുവനന്തപുരം: ആയിരം പൂര്‍ണ്ണചന്ദ്രനെ കണ്ട ദാക്ഷായണിയെന്ന ആന മുത്തശ്ശി ഒരു അപൂര്‍വ്വ റെക്കോര്‍‍ഡ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. മുത്തശ്ശിയെ ആ ലക്ഷ്യത്തിലേക്കെത്തിക്കാനുള്ള പരിശ്രമത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍‍ഡ്. ദാക്ഷായണി മുത്തശ്ശിയാണ് പൂജപ്പുരയിലെ ചെങ്കല്ലൂര്‍ ക്ഷേത്രം പരിസരത്തുള്ളവരുടെയും ദേവസ്വം അധികൃതരുടെയും ചര്‍ച്ചാ വിഷയം. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഈ മുത്തശ്ശിയില്ലാതെ ശങ്കുമുഖം ദേവി ക്ഷേത്രോത്സവവും ഉണ്ടായിട്ടില്ല.

തലയെടുപ്പുള്ള കൊമ്പന്‍മാര്‍ക്കൊപ്പം ഈ പിടിയാന എത്രയോ ഉത്സവങ്ങള്‍ക്ക് തലയെടുപ്പൊട്ടും കുറയാതെ തിടമ്പേറ്റിയിട്ടുണ്ട്. ആയിരം പൂര്‍ണ്ണചന്ദ്രനെ കണ്ട ദാക്ഷായണി ഇന്ന് ജീവിച്ചിരിക്കുന്ന നാട്ടാനകളില്‍ ഏറ്റവും പ്രായം കൂടിയ ആനയെന്നാണ് വനംവകുപ്പ് നല്‍കിയ സാക്ഷ്യപത്രം പറയുന്നത്. അത്തരമൊരു റെക്കോഡിനായുള്ള കാത്തിരിപ്പിലാണ് 87 കാരിയായ ദാക്ഷായണി.

ഗിന്നസ് ബുക്കിലേക്കുള്ള യാത്രയുടെ ഭാഗമെന്നോണം ദാക്ഷായണി മുത്തശ്ശിയെ ഗജമുത്തശ്ശി പട്ടം നല്‍കി തിരുവിതാം കൂര്‍ ദേവസ്വം ബോര്‍‍ഡ് നാളെ ആദരിക്കും. ആനയുടെ പ്രായമടക്കമുള്ള വിവരങ്ങള്‍ കാട്ടി ഗിന്നസ് അധികൃതരര്‍ക്കും ദേവസ്വം കത്തുകളയച്ചു കഴിഞ്ഞു. തായവാനില്‍ 86 ആം വയസ്സില്‍ ചരിഞ്ഞ ലിന്‍വാങ്ങ് ആണ് നിലവില്‍ ഗിന്നസ് റെക്കോ‍ര്‍ഡിനുടമ. ആ നേട്ടം ഇനി ദാക്ഷായണി മുത്തശ്ശി സ്വന്തമാക്കുമോ എന്നാണ് നാട്ടുകാര്‍ കാത്തിരിക്കുന്നത്.