മാവോയിസ്റ്റ് ആക്രമണം; ഒമ്പത് സിആര്‍പിഎഫ് ജവാൻമാര്‍ മരിച്ചു

First Published 13, Mar 2018, 9:30 PM IST
9 crpf officers died in sukma
Highlights

 

  • ഐഇഡി പൊട്ടിത്തെറിച്ച് വാഹനം തകര്‍ന്നു
  • രാജ്നാഥ് സിംഗ് റിപ്പോര്‍ട്ട് തേടി

സുഖ്മ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ  ഒമ്പത് സിആര്‍പിഎഫ് ജവാൻമാര്‍ മരിച്ചു. പട്രോളിംഗ് സംഘമാണ് സ്ഫോടനത്തിൽ മരിച്ചത്. സംഭവത്തില്‍ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് റിപ്പോര്‍ട്ട് തേടി. 

ബസ്തറിലെ കിസ്താറാമിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴി ബോംബ് പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് 212 ബറ്റാലിയൻ അംഗങ്ങൾ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടനത്തിൽ തകര്‍ന്നു. 

രാവിലെ സുഖ്മയിൽ മാവോയിസ്റ്റുകളുമായി സിആര്‍പിഎഫ് ഏറ്റുമുട്ടൽ നടത്തിയിരുന്നു. 11 ദിവസം മുമ്പ് ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചിരുന്നു. ഇതിന് പകരമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

സുഖ്മയിൽ കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ 25 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലിൽ സിആര്‍പിഎഫ് വകവരുത്തിയത്. രണ്ട് വര്‍ഷത്തിനിടെ 300 നക്സലുകളെ ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ട്. സുഖ്മ ആക്രമണത്തെ അപലപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഛത്തീസ്ഗഡിലെത്താൻ  സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിന്  നിര്‍ദ്ദേശവും നൽകി.

 

 

loader